നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍-ഡീസര്‍ വില വര്‍ധിച്ചു; കൂട്ടുന്നത് 18 ദിവസത്തെ ഇടവേളയ്‌ക്കൊടുവില്‍

ന്യൂഡല്‍ഹി: നീണ്ട 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 12 മുതല്‍ 15 പൈസ വരെയും ഡിസലിന് 15 മുതല്‍ 18 പൈസ വരെയുമാണ് ഉയര്‍ത്തിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടായതിന് പിന്നാലെയാണ് ഇന്ധന വില വീണ്ടും ഉയരുന്നത്.

ഫെബ്രുവരി 23 വരെ ദിനം പ്രതി ഇന്ധന വിലയില്‍ വര്‍ധനവുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വിലയില്‍ വര്‍ധനവുണ്ടായിരുന്നില്ല. ഏപ്രില്‍ 15നായിരുന്നു അവസാനിമായി വില ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്ന വിമര്‍ശനം ആ ഘട്ടത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പും ഇന്ധന വില മരവിപ്പിക്കലും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഒഎംസികളും സര്‍ക്കാരും വാദിച്ചിരുന്നത്. സര്‍ക്കാരിന് കീഴിലുള്ള മൂന്ന് എണ്ണക്കമ്പനികളിലടക്കമുണ്ടാകുന്ന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അന്താരാഷ്ട്ര വിലയെ ആശ്രയിച്ച് മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

നിലവിലെ 15 പൈസ വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.55 രൂപയാണ് വില. മുംബൈയില്‍ ലിറ്ററിന് 96.95 രൂപ. ചെന്നൈയില്‍ 92.55 രൂപ, കൊല്‍ക്കത്തയില്‍ 90.76 രൂപ എന്നിങ്ങനെയാണ് വില വിവരം.

ഡീസലിന് ഡല്‍ഹിയില്‍ 18 പൈസ വര്‍ധിപ്പിച്ചു. മെട്രോ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇവിടെ 80.91 രൂപയാണ് ഡീസലിന്. മുംബൈയില്‍ 87.98 രൂപയും ചെന്നൈയില്‍ 85.90 രൂപയും, കൊല്‍ക്കത്തയില്‍ 83.78 രൂപയുമാണ് ഡീസല്‍ വില.