ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ പ്രത്യുല്‍പ്പാദനത്തെ ബാധിക്കുമോ?; പഠന റിപ്പോര്‍ട്ടുമായി ജെഎഎംഎ ജേര്‍ണല്‍

വാഷിംഗ്ടണ്‍: ഫൈസര്‍, മോഡേണ എന്നീ കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഉപയോഗിക്കുന്നത് പുരുഷ പ്രത്യുല്‍പ്പാദനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് പഠനം. ജെഎഎംഎ ജേണല്‍ പ്രസിദ്ധീകരിച്ചതാണ് പുതിയ പഠനം.

എംആര്‍എന്‍എ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഈ വാക്‌സിനുകള്‍ എടുത്തവരില്‍ ബീജത്തിന്റെ അളവ് ആരോഗ്യകരമായ നിലയിലാണെന്ന് പഠനം പറയുന്നു. 18 മുതല്‍ 50 വയസ്സ് വെരയുള്ള 45 പേരിലാണ് പഠനം നടത്തിയത്.

ഇവര്‍ക്ക് പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ലെന്ന് ആദ്യമേ ഉറപ്പാക്കി. വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് ഇവരില്‍ നിന്ന് ബീജം ശേഖരിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 70 ദിവസത്തിന് ശേഷം വീണ്ടും ബീജം ശേഖരിച്ചു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പരിശീലനം ലഭിച്ച ആന്‍ഡ്രോളജിസ്റ്റുകളാണ് ഇവ വിശകലനം നടത്തിയത്.

ബീജത്തിന്റെ അളവ്, ശുക്ല സാന്ദ്രത, ശുക്ല ചലനം, ആകെ ചലിക്കുന്ന ശുക്ലങ്ങളുടെ എണ്ണം എന്നിവ വിശകലനം ചെയ്തു. അതിന് ശേഷമാണ് ഈ ഫലത്തിലേക്കെത്തിയത്. ബീജത്തിന്റെ അളവും ശുക്ല ചലനവും ഗണ്യമായി വര്‍ധിച്ചുവെന്നാണ് മനസ്സിലാക്കിയതെന്ന് മിയാമി സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ വളരെ കുറച്ചു പേരില്‍ വിശകലനം നടത്തിയത് ഈ പഠനത്തിന്റെ പോരായ്മയാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.