ഓഫീസിലേക്ക് വിളിച്ച വ്യക്തിയോട് മാധ്യമപ്രവര്‍ത്തക സംസാരിക്കുന്നതിന്റെ കോള്‍ റെക്കോഡ് വിവാദമായ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്. പ്രതികരണത്തില്‍ അനാവശ്യവും അപക്വവുമായ പരാമര്‍ശങ്ങളുണ്ടായെന്നും തെറ്റു പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ ഖേദപ്രകടന അറിയിപ്പ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അറിയിപ്പ്
ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എഡിറ്റര്‍
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് വേണ്ടത്ര പ്രാധാന്യം കൊടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാരോപിച്ച് ബിജെപി അനുകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്ന് നടത്തിയിരുന്നു. ചാനല്‍ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടും ചിലര്‍ രംഗത്തെത്തി. ഇതിനിടെയാണ് കോട്ടയം സ്വദേശിനി ഏഷ്യാനെറ്റ് ന്യൂസ് ഹെഡ്ക്വാട്ടേഴ്സിലേക്ക് വിളിച്ച് ബംഗാളിലെ അക്രമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതെന്താണെന്ന് ചോദിച്ചത്. ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഇവരോട് അമര്‍ഷത്തോടെയാണ് പ്രതികരിച്ചത്. ഈ സംഭാഷണത്തിന്റെ കോള്‍ റെക്കോഡ് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ മാധ്യമപ്രവര്‍ത്തകയ്ക്കും ചാനലിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.