തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടു വന്നതിന് പിന്നാലെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇന്നത്തെ അവസ്ഥയില്‍നിന്നും കേരളം ഒരിഞ്ചുപോലും മുമ്പോട്ടുപോകരുതെന്നാണ് ചിലരുടെ ആഗ്രഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, തുടക്കം കുറിച്ച ഒന്നില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളിലൂടെ ബജറ്റില്‍ ഉള്‍പ്പെടുത്താതെ കൂടുതല്‍ പണം കടമെടുക്കുന്നത് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സിഎജി റിപ്പോര്‍ട്ടിനെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്ഭവനില്‍ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത ചാന്‍സിലേഴ്സ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.
സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍
2019-20ലെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള സിഎജി ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കിഫ്ബിക്കെതിരെ ഗുരുതര ആക്ഷേപങ്ങളുള്ളത്. കിഫ്ബി വായ്പകള്‍ ബജറ്റ് ഇതര വായ്പയല്ലെന്നും ആകസ്മിക ബാധ്യതകളാണെന്നുമുള്ള സര്‍ക്കാര്‍ വാദം തള്ളിയാണ് റിപ്പോര്‍ട്ട്. കിഫ്ബി എടുക്കുന്ന വായ്പകള്‍ ബജറ്റിന് പുറമെയുള്ള കടമാണെന്നും അത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കണക്കുകള്‍ ബജറ്റിലും സംസ്ഥാനത്തിന്റെ അക്കൗണ്ട്സിലും ഉള്‍പ്പെടുത്തണമെന്നും നിയമസഭയുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പദ്ധതി ലക്ഷ്യത്തിലേക്കെത്തിയിട്ടില്ലെന്നും ആശങ്കയുണ്ടാക്കുന്ന വിധത്തില്‍ റവന്യൂ വരുമാനത്തിന്റെ 21 ശതമാനത്തോളം പലിശ ചെലവുകള്‍ക്കായി ഉപയോഗിച്ചെന്നുമുള്ള കുറ്റപ്പെടുത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. ഫണ്ട് വിനിയോഗത്തിലും നിയമനങ്ങളിലും കിഫ്ബി വീഴ്ചവരുത്തിയെന്നും മുന്‍ ഐ.ജി എസ് സുനില്‍രാജിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്.
കിഫ്ബിയുടെ വിശദീകരണം
സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടിനെതിരെ കിഫ്ബിയും രംഗത്തെത്തിയിരുന്നു. ബജറ്റിന് പുറത്ത് കടമെടുക്കുന്ന സംവിധാനമായി കിഫ്ബിയെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് വിശദീകരണങ്ങള്‍ നിരത്തി കിഫ്ബിയുടെ പ്രതികരണം. ‘കിഫ്ബി ആന്യൂറ്റി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തനത് സാമ്പത്തിക സംവിധാനമാണ്. അല്ലാതെ ബജറ്റിന് പുറത്ത് കടമെടുക്കാന്‍ ഉണ്ടാക്കിയ സംവിധാനമല്ല. ബജറ്റ് പ്രസംഗങ്ങളില്‍ പ്രഖ്യാപിച്ച ഏതാണ്ട് 70,000 കോടിയോളം രൂപ വരുന്ന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കിഫ്ബിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് കാലക്രമേണ വളരുന്ന ആന്യൂറ്റി പേയ്മെന്റായി മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും പെട്രോള്‍ സെസ് തുകയും നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്’, കിഫ്ബി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
‘കിഫ്ബിയുടെ കാര്യത്തില്‍ 25 ശതമാനം പദ്ധതി എങ്കിലും വരുമാനദായകമാണ്. വൈദ്യുതി ബോര്‍ഡിന്, കെ ഫോണിന്, വ്യവസായ ഭൂമിക്ക്, തുടങ്ങിയവയ്ക്ക് നല്കുന്ന വായ്പ മുതലും പലിശയും ചേര്‍ന്ന് കിഫ്ബിയില്‍ തിരിച്ചെത്തുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ ഈ തുകയും നിയമം മൂലം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ചേര്‍ത്താല്‍ കിഫ്ബി ഒരിക്കലും കടക്കെണിയിലാവില്ല. ഇതിനു എന്താണ് ഇത്ര ഉറപ്പ് എന്ന് ന്യായമായും ചോദിക്കാം. കാരണം ഓരോ പ്രോജക്ട് എടുക്കുമ്പോഴും അതിന്റെ ബാധ്യതകള്‍ എന്തെല്ലാമാണ് കൊടുക്കേണ്ടി വരിക എന്ന് കൃത്യമായി ഗണിച്ചെടുക്കാന്‍ പോന്ന അസെറ്റ് ലയബിലിറ്റി മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ കിഫ്ബി വികസിപ്പിച്ചിട്ടുണ്ട്. അതുപോലെ കിഫ്ബിക്ക് വരുംവര്‍ഷങ്ങളില്‍ ലഭിക്കുന്ന വരുമാനവും കൃത്യമായി കണക്ക് കൂട്ടാനാവും. ഭാവിയില്‍ ഒരുഘട്ടത്തിലും കിഫ്ബിയുടെ ബാധ്യതകള്‍ വരുമാനത്തെ അധികരിക്കില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് പ്രോജക്ടുകള്‍ അംഗീകരിക്കൂ’, കിഫ്ബിയുടെ വിശദീകരണം ഇങ്ങനെ.
ആയുധമാക്കി പ്രതിപക്ഷം
സിഎജി ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെയുള്ള മൂര്‍ച്ചയേറിയ ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ നേരത്തെ ചൂണ്ടിക്കാണിച്ചത് സിഎജി വീണ്ടും ശരിവെച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതെന്തിനെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടു.