യുഡിഎഫ് ബിജെപിയില്‍നിന്ന് വോട്ട് പണം കൊടുത്തുവാങ്ങിയെന്ന് പിണറായി വിജയന്‍; തൃപ്പൂണിത്തുറയും പാലായും കുണ്ടറയും തോറ്റത് വോട്ട് കച്ചവടം കാരണം

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും വോട്ട് കച്ചവടം നടത്തിയെന്ന ആരോപണവുമായി കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മോശം പ്രകടനമായിരുന്നിട്ടും വോട്ടെണ്ണല്‍ ദിവസം വരെ യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചതിന്റെ കാരണം ഇതായിരുന്നു. പത്തോളം ജില്ലകളില്‍ വോട്ട് മറിച്ചതിന്റെ ഭാഗമായാണ് യുഡിഎഫിന് വിജയം നേടാനായതെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയമാണുണ്ടായതെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പക്ഷേ, നാമെല്ലാവരും കണ്ടിരുന്നത് തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെ കൗണ്ടിങിന്റെ തൊട്ടുമുമ്പുവരെ തങ്ങളിവിടെ നല്ല രീതിയില്‍ ജയിക്കാന്‍ പോവുകയാണെന്ന് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന യുഡിഎഫിനെയാണ്. ഇത്തരത്തില്‍ ഒരു ആത്മവിശ്വാസം പ്രകടിപ്പിച്ചത് ചില കച്ചവടക്കണക്കിന്റെ ഭാഗമായിട്ടായിരുന്നു. നാട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അട്ടിമറിക്കാന്‍ ഈ കച്ചവട കണക്കിലൂടെ കഴിയുമെന്നാണ് യുഡിഎഫ് കണക്കാക്കിയത്. അത് നേരത്തെ ചില ഘട്ടങ്ങളില്‍ സ്വീകരിച്ചതാണ്. ഇത്തവണ കുറേക്കൂടി വ്യാപകമായി ആ തന്ത്രം പയറ്റിയെന്നാണ് കൂടുതല്‍ തെളിയുന്നത്’, പിണറായി പറയുന്നതിങ്ങനെ.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്

‘എല്ലാകാര്യങ്ങളും പുറത്തുവന്നിട്ടില്ലെങ്കിലും വന്ന കാര്യങ്ങളില്‍നിന്നുതന്നെ പലകാര്യങ്ങളും വ്യക്തമാണ്. ബിജെപി വോട്ടുകള്‍ നല്ല രീതിയില്‍ ഈ കച്ചവടത്തിലൂടെ വാങ്ങാനായി. ഇതാണ് ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഘടകമായത്. 140 മണ്ഡലങ്ങളില്‍ അടിവെച്ചടിച്ചടിവെച്ച് മുന്നേറുകയാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പക്ഷേ, തെരഞ്ഞെടുപ്പ് പലം വന്നപ്പോള്‍ 90 മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ടുകുറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ ഇത്ര ഭീമമായ രീതിയില്‍ എങ്ങനെ വോട്ട് കുറയാനിടയായി? കഴിഞ്ഞ തെരഞ്ഞെടുപ്പിന് സേഷം വന്ന പുതിയ വോട്ടര്‍മാരുണ്ട്. സ്വാഭാവികമായി ആ വര്‍ധനവ് എല്ലാ പാര്‍ട്ടിക്കും ലഭിക്കേണ്ടതാണ്. എന്തേ അവര്‍ക്കത് ലഭിക്കാതെപോയി? ഇത്രമാത്രം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും തങ്ങള്‍ ശക്തിപ്പെടുകയാണെന്ന് ശക്തമായി അവകാശവാദം നടത്തിയവര്‍ക്ക് എന്തുകൊണ്ടാണ് അത് യാഥാര്‍ത്ഥ്യത്തില്‍ കൊണ്ടുവരാന്‍ കഴിയാതിരുന്നത്?’

‘നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ഇത്രവലിയ ചോര്‍ച്ച് മുമ്പുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കണക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാളും ഇത്തവണ വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. എന്നിട്ടും വോട്ടുകള്‍ കുറഞ്ഞു എന്ന് കാണിക്കുന്നത് പുറമെ കാണുന്നതിനേക്കാള്‍ വലിയ വോട്ടുകച്ചവടം നടന്നുവെന്നുതന്നെയാണ്. ചിലയിടത്തെങ്കിലും ബിജെപിയെ ജനങ്ങള്‍ കയ്യൊഴിയുന്നു എന്ന സൂചനയും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്.’

‘കഴിഞ്ഞ നിയമസഫഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ടുകുറഞ്ഞ മണ്ഡലങ്ങള്‍- കാസര്‍കോട് 2, കണ്ണൂര്‍ 5, വയനാട് 2, കോഴിക്കോട് 9, മലപ്പുറം 9, പാലക്കാട് 5, തൃശൂര്‍ 6, എറണാകുളം 12, ഇടുക്കി 5, ആലപ്പുഴ 6, കോട്ടയം 9, പത്തനംതിട്ട 5, കൊല്ലം 5, തിരുവനന്തപുരം 10 എന്നിങ്ങനെയാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 3,020,670 വോട്ടാണ് ലഭിച്ചത്. ഇത്തവണയത് 2,592,139 വോട്ടായി കുറഞ്ഞു. അതായത്, 428531 വോട്ടിന്റെ കുറവ് അവര്‍ക്ക് സംഭവിച്ചു. ജില്ലകളിലെ കണക്ക് വന്നിട്ടുണ്ട്. കണ്ണൂരില്‍ 24747, കോഴിക്കോട് 15821, വയനാട് 13895, മലപ്പുറം 23231, തൃശൂര്‍, 37438, എറണാകുളം 74248, ഇടുക്കി 54589, കോട്ടയം 86154, ആലപ്പുഴ 42355, പത്തനംതിട്ട 12747, കൊല്ലം 12488, തിരുവനന്തപുരം 44453. ഇതാണ് ജില്ലകളിലുണ്ടായ വ്യത്യാസം. യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 788,355 വോട്ടാണ്. ഇത്തവണയത് 829,196 വോട്ടായി മാറി. ബിജെപിയുടെ 420,761 വോട്ടുകള്‍ കുറഞ്ഞ സാഹചര്യത്തിലാണിത്. ഇത് വോട്ടുമറിച്ചു എന്നതിന്റെ പ്രകടമായ തെളിവാണ’്.

‘ഇങ്ങനെ പത്തോളം സീറ്റുകളില്‍ യുഡിഎഫിന് വോട്ട് മറിച്ചതിന്റെ ഭാഗമായി വിജയിക്കാനായി എന്നാണ് കണക്കുകള്‍. അപ്പോള്‍ അതില്ലായിരുന്നെങ്കില്‍ യുഡിഎഫിന്റെ പതനം വരുതാകുമായിരുന്നു’.

‘2021ലെ തെരഞ്ഞെടുപ്പില്‍ 9,047,688 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് 8185870 വോട്ടും ലഭിച്ചു. ബിജെപിക്ക് 2592139 വോട്ടും ലഭിച്ചു. അതായത് എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ 1221812 വോട്ട് കൂടുതല്‍ ലഭിച്ചു. 2016ല്‍ നിയമസഭയില്‍ എല്‍ഡിഎഫിന് 43.35 ശതമാനം വോട്ടായിരുന്നു. ഇപ്പോള്‍ 45.2 ആയി വര്‍ധിച്ചു. യുഡിഎഫിന് 38.79 ശതമാനമുണ്ടായിരുന്നത് 39.4 ശതമാനമായി. ബിജെപിക്ക് 15.01 ശതമാനമുണ്ടായിരുന്നത് 12.4 ശതമാനമായി കുറഞ്ഞു. ബിജെപി വലിയ നേട്ടങ്ങളുണ്ടാക്കുന്നന്ന് പൊതുവേ അവകാശപ്പെടുമ്പോഴാണ് കേരളത്തില്‍ ബിജെപിക്ക് 2.61 ശതമാനത്തിന്റെ കുറവുണ്ടാവുന്നത്. ഇത് വോട്ട് കച്ചവടത്തിന്റെ ഭാഗമായി യുഡിഎഫിന് പോയ.താണെന്ന് വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാവും. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 12.11 ആയിരുന്നു’.

‘ബിജെപിയുമായുള്ള ഇത്തരം കൂട്ടുകെട്ടിലൂടെ വിജയം നേടാനാവുമെന്ന പ്രതീക്ഷയായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. അതിന്റെ കാര്യങ്ങളെല്ലാം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. എങ്ങനെയാണ് രണ്ട് കൂട്ടരും പ്രചരണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത് എന്നത്. പക്ഷേ, നമ്മുടെ നാട് നതനിരപേക്ഷതയില്‍ അടിയുറച്ച് നില്‍ക്കുന്ന നാടാണ്. മഹാഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷതയില്‍ അടിയുറച്ച് നില്‍ക്കുന്നവരാണ്. അങ്ങനെയുള്ള മതനിരപേക്ഷ ചിന്താഗതിക്കാര്‍ നാടിന്റെ വികസനത്തില്‍ താല്‍പര്യമുള്ളവര്‍ ഇവിടുത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്ന് കാണുന്നവര്‍ എല്ലാം എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തയ്യാറായി. അതുകൊണ്ടാണ് ഈ കച്ചവടതാല്‍പര്യത്തോടെ പടുത്തുയര്‍ത്തിയ സ്വപ്‌നം തകര്‍ന്നുപോയത’്.

‘പക്ഷേ, ചില സീറ്റുകളില്‍ അവര്‍ക്ക് ഈ കച്ചവടത്തിലൂടെ വിജയം നേടാനായിട്ടുണ്ട്. പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറക്കാനും ഈ കച്ചവടത്തിലൂടെ കഴിഞ്ഞിട്ടുണ്ട് എന്നതും കണക്കുകള്‍ വിശദമായി പരിശോധിച്ചാല്‍ വ്യക്തമാവും. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 12,458 വോട്ടുകള്‍ കുറവാണ് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ലഭിച്ചത്. അവിടെ യുഡിഎഫ് ജയിച്ചത് 11,822 വോട്ടുകള്‍ക്കാണ്. ബിജെപിയുടെ അവകാശവാദം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അവര്‍ വല്ലാണ്ട് വളര്‍ന്നെന്നാണ്. അപ്പോള്‍ കുറച്ചുകൂടി വോട്ട് അവര്‍ക്ക് ലഭിക്കണമല്ലോ. ആ കണക്ക് ഇതില്‍ വരുന്നില്ല’.

‘പെരുമ്പാവൂരില്‍ യുഡിഎഫ് വിജയിച്ചത് 2851 വോട്ടിനാണ്. ബിജെപിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 4596 വോട്ട് കുറഞ്ഞു. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ മത്സരിച്ചതുകൊണ്ട് ഇവര്‍ ചെയ്ത കച്ചവടം പരിശോധിച്ചാല്‍, യുഡിഎഫ് ഇപ്പോഴവിടെ വിജയിച്ചത് 4454 വോട്ടുകള്‍ക്കാണ്. പക്ഷേ ബിജെപിയുടെ 14160 വോട്ടുകളാണ് കുറഞ്ഞത്. അത് കൃത്യമാണ്. തൃപ്പൂണിത്തുറയില്‍ 992 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. നേരത്തെ അവിടുടത്തെ സ്ഥാനാര്‍ത്ഥി തന്നെ ബിജെപിയിക്കാര്‍ പറഞ്ഞ കാര്യം പരസ്യമായി പറഞ്ഞിരുന്നു. പാലായില്‍ 13,952 വോട്ടുകളുടെ കുറവാണ്. ഇതും യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായി’.