മുഖ്യമന്ത്രിമാരുടെ ജനപ്രിയതയിൽ പിണറായി വിജയൻ അഞ്ചാമത്; നവീൻ പട്നായിക്ക് ഒന്നാമൻ

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ച് അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ റേറ്റിങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം സ്ഥാനത്ത്. ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേയിലാണ് പിണറായി വിജയൻറെ പ്രകടനം വിലയിരുത്തിയത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് ഏറ്റവുമധികം ജനസമ്മതിയുള്ള മുഖ്യമന്ത്രി. 71 ശതമാനം ഒഡീഷക്കാരാണ് നവീൻ പട്‌നായിക്കിന്റെ പ്രകടനം മികച്ചതാണ് എന്ന് വിലയിരുത്തിയത്.

61 ശതമാനം കേരളീയരാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻറെ പ്രകടനം തൃപ്തികരമാണ് എന്ന് വിലയിരുത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് സംസ്ഥാനത്തെ ജനസമ്മതിയിൽ രണ്ടാമത്. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെയുമാണ് മൂന്നും നാലും സ്ഥാനത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ആറാം സ്ഥാനത്ത് പിണറായി വിജയന് തൊട്ടുപിന്നിൽ.

സർവേയിൽ പങ്കെടുത്ത 69.9 ശതമാനം ബംഗാളികൾ മമതയുടെ പ്രകടനത്തിൽ തൃപ്തരാണ്. ദേശീയ റാങ്കിങ്ങിലും തൃണമൂൽ മുഖ്യമന്ത്രി മുന്നിലുണ്ട്. മുഖ്യമന്ത്രിയായി കന്നി ഊഴത്തിലുള്ള എംകെ സ്റ്റാലിനാണ് കണക്കുകളിൽ എടുത്തുനിൽക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് 67.5 ശതമാനം തമിഴരുടെ പിന്തുണ സ്റ്റാലിൻ നേടി എന്നാണ് ഇന്ത്യാടുഡേ സർവേ കണ്ടെത്തിയിരിക്കുന്നത്.

61.8 ശതമാനം മാഹാരാഷ്ട്രക്കാരാണ് ഉദ്ദവ് താക്കറെ തൃപ്‌തികരമായ പ്രകടനമാണ് നടത്തുന്നത് എന്ന് അഭിപ്രായപ്പെട്ടത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ എന്നിവരാണ് ദേശീയ ശരാശരിയേക്കാൾ മുകളിൽ ജനസമ്മതിയുള്ള മറ്റ് മുഖ്യമന്ത്രിമാർ.

അതത് സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നടത്തിയ സർവേക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ച് ദേശീയ തലത്തിലും ഓരോ മുഖ്യമന്ത്രിമാരുടെ പ്രകടനം വിലയിരുത്തിയിട്ടുണ്ട്.

ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കിടയിൽ നടത്തിയ സർവേയിൽ ഏറ്റവും ജനപ്രിയതയുള്ള മുഖ്യമന്ത്രി ഉത്തർ പ്രദേശിന്റെ യോഗി ആദിത്യനാഥാണ്. വിവിധ സംസ്ഥാനങ്ങളിലെ 27 ശതമാനം ആളുകൾ അദ്ദേഹം തൃപ്തികരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്ന് വിലയിരുത്തുന്നു. രണ്ടാം സ്ഥാനത്ത് അരവിന്ദ് കെജരിവാളാണ്. ഈ രണ്ട് മുഖ്യമന്ത്രിമാർ മാത്രമാണ് മുൻ ടേമിനേക്കാൾ ജനസമ്മതി ഉയർത്തിയവർ. മൂന്നാം സ്ഥാനം മമതാ ബാനർജിക്കാണ്. ദേശീയ തലത്തിലെ ജനപ്രിയതയിൽ എം കെ സ്റ്റാലിലും മുന്നിലുണ്ട്. നാലാം സ്ഥാനത്താണ് സ്റ്റാലിന്റെ ദേശീയ റാങ്കിങ്. ദേശീയ തലത്തിൽ 6.7 ശതമാനം ജനങ്ങൾ സ്റ്റാലിന്റെ പ്രകടനം തൃപ്തികരമെന്ന് വിലയിരുത്തുന്നു. പിണറായി വിജയൻ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടില്ല.

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നടത്തിയ അഭിപ്രായ സർവേകളിൽ ഇരു പട്ടികയിലും മുന്നിലുള്ളവർ മമതാ ബാനർജിയും, എം കെ സ്റ്റാലിനും ഉദ്ധവ് താക്കറെയുമാണ്. 2021 ഡിസംബർ 20 മുതൽ 2022 ജനുവരി 10 വരെയുള്ള കാലയളവിലാണ് മൂഡ് ഓഫ് ദി നേഷൻ സർവേ ഇന്ത്യാടുഡേ നടത്തിയത്. ലോക്സഭാ മണ്ഡലങ്ങൾ തിരിച്ച് 60000 ആളുകൾക്കിടയിലാണ് സർവേ നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്.