കെ.ടി ജലീല്‍: മുഖ്യമന്ത്രി പിതൃതുല്ല്യന്‍, എന്നെ തിരുത്താം; കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരും

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ എ.ആര്‍ നഗര്‍ ബാങ്ക് അഴിമതി ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതിന് പിന്നാലെ വിശദീകരണവുമായി മുന്‍മന്ത്രി കെ.ടി ജലീല്‍. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാനും തിരുത്താനുമുള്ള അധികാരമുണ്ടെന്നും ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നാണ് ജലീല്‍ വ്യക്തമാക്കുന്നത്.

‘ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും’, ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് തന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാമെന്നും ജലീല്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടിക്കും മകനും എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇത് ഇ.ഡി അന്വേഷിക്കണമെന്നുമുള്ള ജലീലിന്റെ ആവശ്യമായിരുന്നു മുഖ്യമന്ത്രി തള്ളിയത്. കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇ.ഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇ.ഡിയില്‍ വിശ്വാസ്യത കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. സഹകരണ ബാങ്കില്‍ ഇ.ഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനത്ത് സംവിധാനങ്ങളുണ്ടെന്നും എ.ആര്‍ നഗര്‍ ബാങ്ക് അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് കോടതി സ്‌റ്റേ നിലനില്‍ക്കുന്നതുകൊണ്ടാണ് മറ്റ് നടപടികളിലേക്ക് നീങ്ങാത്തതെന്നും പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കും മകനും എ.ആര്‍ നഗര്‍ ബാങ്കില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആരോപിച്ച ജലീല്‍, ഇതുസംബന്ധിച്ച തെളിവുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി ഇ.ഡിക്ക് കൈമാറിയിരുന്നു.