‘വിജയത്തിന്റെ നേരവകാശി ജനം’; കേരളം വര്‍ഗീയതയുടെ വിളനിലമല്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ വിജയം ജനങ്ങളുടെ നേരനുഭവത്തെ മുന്‍നിര്‍ത്തിയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാടിന് ലഭിച്ച അംഗീകാരമാണിത്. ജയം നാട്ടിലെ ജനങ്ങളുടേതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ജനങ്ങളെ സര്‍ക്കാര്‍ വിശ്വസിച്ചു. അവര്‍ സര്‍ക്കാരിനെയും വിശ്വസിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന ജനവിധിയാണുണ്ടായത്. നാടിന്റെ വികസനത്തിന് തുടര്‍ ഭരണമുണ്ടാകണമെന്ന് ജനം ചിന്തിച്ചു. മതനിരപേക്ഷതയ്‌ക്കെതിരെ വെല്ലുവിളിയുയരുന്ന സമയത്ത് വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ച ചെയ്യാത്തവര്‍ ഭരണത്തിലുണ്ടാവണം. അങ്ങനെ മാത്രമേ മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയൂ. മതനിരപേക്ഷത സംരക്ഷിക്കുന്ന സര്‍ക്കാരുള്ളതുകൊണ്ടാൈണ് ഒരു വര്‍ഗീയ സംഘര്‍ഷവും കേരളത്തിലുണ്ടാവാത്തത്’, പിണറായി വിജയന്‍ പറഞ്ഞു.

കേരളം വര്‍ഗ്ഗീയതയുടെ വിളനിലമല്ല. ബിജെപി മഹാവിജയമുണ്ടാക്കുമെന്നായിരുന്നു അവകാശപ്പെട്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘ഇവിടെ എന്തോ നേടിക്കളയും എന്ന മട്ടിലാണ് ബിജെപി പുറപ്പെട്ടത്. സര്‍ക്കാര്‍ രൂപീകരിക്കും എന്നുവരെ പറഞ്ഞ് കുറേ സീറ്റുകള്‍ നേടുമെന്ന ധാരണ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അതിനായി അവര്‍ നല്ല പ്രവര്‍ത്തനം നടത്തുകയും പണം ചെലവഴിക്കുകയും ചെയ്തു. പ്രധാനമന്ത്രിയടക്കം വലിയ തോതില്‍ സമയം ചെലവാക്കി. പണം ധാരാളം ഉണ്ടായാലുള്ള വിഷമവും പിന്നീട് തെളിയിച്ചു. അവര്‍ യഥാര്‍ത്ഥ നില എന്താഅണെന്ന് തിരിച്ചറിയേണ്ട സമയമായി. അക്കൗണ്ട് പൂട്ടിക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്’, അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം യുഡിഎഫ് കഴിഞ്ഞ അഞ്ചുവര്‍ഷവും നിന്നില്ല. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ജനം തള്ളിക്കളഞ്ഞെന്നും പിണറായി അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന്‍ നടത്തിയത്.