തീരുമാനം മാനദണ്ഡം പാലിച്ച്; കെകെ ശൈലജയെ മന്ത്രിസഭയില്‍നിന്ന് മാറ്റിയതില്‍ പ്രതികരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കെകെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍നിന്നും ഒഴിവാക്കിയതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമര്‍ശിക്കുന്നവര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള മതിപ്പ് പ്രകടിപ്പിച്ചതാണ്. വിമര്‍ശനങ്ങളെ മാനിക്കുന്നു. പുതുമുഖങ്ങളെ കൊണ്ടുവരാം എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളെടുത്ത സമീപനം പുതിയ ആളുകള്‍ വരിക എന്നതാണ്. നേരത്തെ ഒരോ രംഗത്തും ഒന്നിനൊന്ന് മികവ് കാട്ടിയവരാണ് പുതുതായി വന്നവര്‍. മികവ് കാണിച്ചവരില്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്നാണ് ഞങ്ങള്‍ എടുത്ത തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് ആ തീരുമാനം വന്നത്. അഭിപ്രായം പ്രകടിപ്പിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധി മനസിലാക്കുന്നു. അതിന് നന്ദിയും പ്രകടിപ്പിക്കുന്നു’, പിണറായി വിജയന്‍ പറഞ്ഞു.

‘ഇളവ് കൊടുത്താല്‍ ഒരുപാട് പേരെ പരിഗണിക്കേണ്ടിവരും. മികച്ച പ്രവര്‍ത്തനം നടത്തിയ ഒരുപാടുപേരുണ്ട്. ഞങ്ങള്‍ നേരത്തെ സ്വീകരിച്ച നിലപാടും ഇതുപോലെ ഒട്ടേറെ അഭിപ്രായങ്ങള്‍ക്കിടയാക്കിയതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഘട്ടത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുണ്ട്. നാടും രാജ്യവും ലോകവും ശ്രദ്ധിച്ച ഒരുപാടുപേരല്ലേ സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നുതന്നെ ഒഴിവായിപ്പോയത്. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. പുതിയ ആളുകള്‍ക്ക് അവസരം നല്‍കാന്‍ സിപിഐഎമ്മിന് കഴിയും. അതാണ് സിപിഐഎം സ്വീകരിച്ചത്. അന്നത്തേതായിരുന്നു കൂടുതല്‍ റിസ്‌കുള്ള കാര്യം’, പിണറായി വിജയന്‍ വിശദീകരിച്ചു.

വിമര്‍ശനമുന്നയിക്കുന്നവരുടെ അഭിപ്രായങ്ങളെല്ലാം മാനിക്കുന്നെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാവരും കൂടെയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.