‘അത് നിങ്ങളുടെ പണിയല്ല കേട്ടോ’, കോണ്‍ട്രാക്ടറെ കൂട്ടി വന്ന എം.എല്‍.എയെ ശകാരിച്ച കഥ പറഞ്ഞ് പിണറായി; റിയാസിന് പിന്തുണ

തിരുവനന്തപുരം: കോണ്‍ട്രാക്ടര്‍മാരെയും കൂട്ടി എം.എല്‍.എമാരെത്തുന്ന എന്ന വിവാദ പരാമര്‍ശത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ട്രാക്ടറെ കൂട്ടി എം.എല്‍.എമാര്‍ മന്ത്രിയെ കാണാന്‍ വരേണ്ടതില്ല. അത് പാര്‍ട്ടി നിലപാടാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ എം.എല്‍.എ കോണ്‍ട്രാക്ടറെക്കൂട്ടി വന്ന അനുഭവം പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

‘1996ല്‍ വൈദ്യുതിമന്ത്രിയായിരുന്നു ഞാന്‍. അന്ന് എന്റെയടുത്ത് ഒരു എം.എല്‍.എ കോണ്‍ട്രാക്ടറെയും കൂട്ടി വന്നു. ഇത് നിങ്ങളുടെ ജോലിയില്‍പ്പെട്ടതല്ല കേട്ടോ എന്നാണ് ഞാന്‍ അന്ന് അദ്ദേഹത്തോട് പറഞ്ഞത്. കോണ്‍ട്രാക്ടറെ കൂട്ടി എം.എല്‍.എ മന്ത്രിയെ കാണാന്‍ വരേണ്ട കാര്യമില്ല. അക്കാര്യത്തില്‍ പാര്‍ട്ടിക്കൊരു നിലപാടുണ്ടായിരുന്നു. ആ നിലപാടിന്റെ ഭാഗംതന്നെയാണത്. അത് മാത്രം ഇപ്പോള്‍ മനസിലാക്കിയാല്‍ മതി. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങളില്ല’, മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോള്‍ സംഭവിച്ച ദുരന്തത്തിലും ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഒതുങ്ങി നില്‍ക്കുന്നതാണ് നല്ലത്. ബാക്കിയെല്ലാം പിന്നീട് സാവകാശം ചര്‍ച്ച ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശമായിരുന്നു വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എം.എല്‍.എമാരുടെ ശുപാര്‍ശയോടെ കരാറുകാര്‍ മന്ത്രിയെ കാണാന്‍ എത്തുന്ന സാഹചര്യമുണ്ടാകരുത് എന്നായിരുന്നു റിയാസ് സഭയില്‍ പറഞ്ഞത്. ഇതിനെതിരെ സിപിഐഎം നിയമസഭാ കക്ഷി യോഗത്തില്ഡ പാര്‍ട്ടി എം.എല്‍.എമാര്‍ത്തന്നെ വിമര്‍ശനമുന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷവും ഇത് ഏറ്റെടുത്ത് രംഗത്തെത്തി. എന്നാല്‍, റിയാസിനെ സംരക്ഷിക്കുന്ന പൊതു നിലപാടാണ് ്‌സിപിഐഎം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഇതിന്
തുടര്‍ച്ചയെന്നോണമാണ് മുഖ്യമന്ത്രിയുടെയും പ്രതികരണം.