രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു; സത്യപ്രതിജ്ഞ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

പതിനഞ്ചാം നിയമസഭയുടെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പിണറായി ആദ്യം സത്യവാചകം ചൊല്ലി. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സിപിഐ നേതാവും മുന്‍ ചീഫ് വിപ്പുമായ കെ രാജനാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തതത്. റവന്യൂ മന്ത്രിയായാണ് കെ രാജന്‍ അധികാരമേറ്റത്. റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ. തുടര്‍ന്ന് രാജ്ഭവനിലെ ചായസല്‍ക്കാരം കഴിഞ്ഞാകും സെക്രട്ടേറിയറ്റില്‍ മന്ത്രിസഭാ യോഗം.

ഉച്ചയ്ക്ക് 2.50ന് നവകേരള ഗീതാഞ്ജലി അവതരണത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായത്. വേദിയില്‍ 140 അടി നീളത്തില്‍ സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനില്‍ 52 ഗായകരും സംഗീതജ്ഞരും അണിനിരന്ന സംഗീതാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചു. 1957ലെ ആദ്യസര്‍ക്കാരിന്റെ കാലം മുതല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ മുന്നേറ്റം വിവരിക്കുന്ന വീഡിയോയായിരുന്നു ഇത്. മമ്മൂട്ടിയാണ് വീഡിയോ അവതരിപ്പിച്ചത്. എ ആര്‍ റഹ്മാന്‍, യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത, ശിവമണി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവര്‍ ഗീതാഞ്ജലിയില്‍ വിര്‍ച്വലായി പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു അധികാരമേല്‍ക്കല്‍ ചടങ്ങിലേക്കു പ്രവേശനം.