‘ആഫ്രിക്കയില്‍ നിന്നെത്തിയ ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയര്‍ പൊട്ടിക്കുന്നു’; ക്യാപ്റ്റന്‍ പിണ്ണാക്ക് കൊടുത്ത് മെരുക്കണമെന്ന് അബ്ദുറബ്ബ്

എല്‍ഡിഎഫ് എംഎല്‍എ പി വി അന്‍വറിനെതിരെ രൂക്ഷ പരിഹാസവുമായി മുസ്ലീം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. ലീഗ് പ്രവര്‍ത്തകരേയും നേതാക്കളേയും ‘മൂരികള്‍’ എന്ന് അഭിസംബോധന ചെയ്തുള്ള അന്‍വറിന്റെ പ്രയോഗമാണ് ഇരുവരും തമ്മിലുള്ള വാക്‌പോരിന് തുടക്കമിട്ടിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു എന്ന് മുന്‍മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നിലമ്പൂര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുമായാണ് അബ്ദുറബ്ബിന്റെ പ്രതികരണം.

ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്.

പി കെ അബ്ദുറബ്ബ്

മുസ്ലീംകളുടെ അട്ടിപ്പേറവകാശം ലീഗിനല്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ചിത്രം പി വി അന്‍വര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ‘കൃത്യം, വ്യക്തം, അതായത് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ലീഗ് അണികള്‍ക്ക് ആനയായിരിക്കാം. മറ്റുള്ളവര്‍ക്ക് ഒരു ചേന പോലുമല്ല.’ എന്ന കുറിപ്പിനൊപ്പം കന്നുകാലികള്‍ നില്‍ക്കുന്ന ചിത്രവും നിലമ്പൂര്‍ എംഎല്‍എ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് തിരുത്ത് എന്ന തലക്കെട്ടോടെ അന്‍വര്‍ മറ്റൊരു പോസ്റ്റിട്ടതും അബ്ദുറബ്ബിന്റെ മറുപടിയെത്തിയതും.

തിരുത്ത്
‘മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല’എന്ന ബഹു:മുഖ്യമന്ത്രിയുടെ പരാമര്‍ശം സൂചിപ്പിച്ച് ഈ പേജില്‍ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.തെറ്റ് വന്നതില്‍ ഖേദിക്കുന്നു. ഒര്‍ജ്ജിനല്‍ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു.”