പാലായെച്ചൊല്ലി ജലീലിന്റെ പേരില്‍ വിദ്വേഷ പ്രചരണം; പ്രതിരോധിക്കാന്‍ അബ്ദുറബ്ബും

മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. നാട് പ്രളയത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും വിദ്വേഷം പ്രചരിപ്പിക്കാനും, വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും ശ്രമിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ നടപടിയുണ്ടാവണമെന്നും ഇത്തരം പ്രചരണങ്ങള്‍ സംഘ്പരിവാര്‍ അജണ്ടയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായ പാലാ മേഖലയിലുണ്ടായ മഴക്കെടുതികള്‍ക്ക് കാരണം മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതാണെന്ന തരത്തില്‍ കെ.ടി ജലീല്‍ അഭിപ്രായപ്രകടനം നടത്തിയെന്നായിരുന്നു പ്രചരണം. കെ.ടി ജലീലിന്റെ വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പ്രചരണം.

‘നാട് പ്രളയത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും വിദ്വേഷം പ്രചരിപ്പിക്കാനും, വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും ഇറങ്ങിത്തിരിച്ച വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മളുണ്ടാക്കിയെടുത്ത സൗഹൃദങ്ങളെ ഇല്ലാതാക്കിയാലേ, പതിറ്റാണ്ടുകള്‍ക്കപ്പുറത്തെങ്കിലും കേരള ഭരണം കയ്യിലൊതുക്കാനാകൂ എന്ന സംഘ്പരിവാര്‍ അജണ്ടയാണ് ഇത്തരം പിതൃശൂന്യ പ്രചാരണങ്ങള്‍ക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’, അബ്ദുറബ്ബ് പറഞ്ഞു.

രണ്ടു ചങ്കും പ്രവര്‍ത്തനക്ഷമമാണെങ്കില്‍ വര്‍ഗീയതക്കെതിരെ മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സോഷ്യല്‍ മീഡിയകളിലടക്കം വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകണം. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ഇത്തരം ക്ഷുദ്രശക്തികള്‍ക്കെതിരെ ജനങ്ങളും ജാഗരൂകരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പേരില്‍ നടക്കുന്ന വ്യാജ വര്‍ഗ്ഗീയ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജലീല്‍ അറിയിച്ചിട്ടുണ്ട്.