കുഞ്ഞനന്തന്‍ ‘ധീരനായ കമ്മ്യൂണിസ്റ്റ്’ എന്ന് എം വി ജയരാജന്‍; യുവതലമുറയ്ക്ക് മാര്‍ഗവെളിച്ചമെന്ന് ഇ പി ജയരാജന്‍

പി കെ കുഞ്ഞനന്തന്‍ ധീരനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. യുഡിഎഫ് സര്‍ക്കാരിന്റെ ക്രൂരതയുടെ രക്തസാക്ഷിയാണ് കുഞ്ഞനന്തനെന്ന് എം വി ജയരാജന്‍ പറഞ്ഞു. കള്ളക്കേസില്‍ കുടുക്കുകയും അതിനെത്തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും ജയില്‍വാസം സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങളുമാണ് കുഞ്ഞനന്തന്റെ മരണം നേരത്തെയാക്കിയത്. കൊലക്കേസില്‍ ഒരു പങ്കുമില്ലാത്ത കുഞ്ഞനന്തനെ പ്രതിയാക്കുകയായിരുന്നു. യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ നീതിയും ന്യായവും അല്ല അക്കാലത്ത് നടമാടിയതെന്നും എം വി ജയരാജന്‍ ആരോപിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായിരുന്ന സിപിഐഎം നേതാവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് എംവി ജയരാജന്റെ പ്രതികരണം.

ജനങ്ങളുമായി ആത്മബന്ധമുള്ള ഒരു കമ്മ്യൂണിസ്റ്റിനെ തകര്‍ക്കാന്‍ പരിശ്രമിച്ച വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മരണശേഷവും കുഞ്ഞനന്തനെ വെറുതെ വിടുന്നില്ല. അതാണ് കുഞ്ഞനന്തനെന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുമ്പോള്‍ വലതുപക്ഷ മാധ്യമങ്ങളുടെ വേട്ടയാടല്‍ വ്യക്തമാക്കുന്നത്.

എം വി ജയരാജന്‍

കമ്മ്യൂണിസ്സുകാരെ ജീവിച്ചിരിക്കുമ്പോള്‍ ‘വധിക്കാന്‍’ ശ്രമിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ മരണശേഷം സാധാരണഗതിയില്‍ അവരുടെ വിഷം വമിപ്പിക്കുന്ന തൂലിക ചലിപ്പിക്കാതിരിക്കുന്ന മര്യാദ എങ്കിലും കാട്ടാറുണ്ട്. പക്ഷെ കുഞ്ഞനന്തന്റെ കാര്യത്തില്‍ അതുപോലും ഉണ്ടായില്ല. അതുകൊണ്ടാണ് കഴിഞ്ഞദിവസം ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ‘കുഞ്ഞനന്തനെ മരണശേഷമെങ്കിലും നിങ്ങള്‍ക്ക് വിട്ടുകൂടെ. കുഞ്ഞനന്തന്‍ ഒരു മനുഷ്യനല്ലേ’ ഈ ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും എം വി ജയരാജന്‍ പ്രതികരിച്ചു.

Also Read: ‘കൊലപാതകികള്‍ വിഗ്രഹം, കൊലയാളിക്ക് ചുവപ്പ് പരവതാനി’; ടിപി വധത്തില്‍ ശിക്ഷിക്കപ്പെട്ട ഷാഫി കുഞ്ഞനന്തന്‍ സ്മാരകത്തില്‍ നില്‍ക്കുന്ന ചിത്രം ചൂണ്ടി പി സി വിഷ്ണുനാഥ്

പി കെ കുഞ്ഞനന്തന്‍ ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. വലതുപക്ഷ ഗൂഢാലോചനയുടെ ഇരയാണ് പികെ കുഞ്ഞനന്തന്‍. വലതുപക്ഷ മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടി. എന്നിട്ടും അചഞ്ചലമായ കമ്മ്യൂണിസ്റ്റ് നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ അദ്ദേഹം മുന്നോട്ടു നയിച്ചു. കുഞ്ഞനന്തന്‍ യുവതലമുറയ്ക്ക് മാര്‍ഗവെളിച്ചമാണെന്നും ഇ പി ജയരാജന്‍ പ്രസംഗിച്ചു. പി കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പാനൂര്‍ പാറാട്ടില്‍ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുന്‍മന്ത്രിയുടെ പ്രതികരണം.

പാറാട് ലോക്കല്‍ കമ്മിറ്റി ഓഫീസായ നായനാര്‍ മന്ദിരത്തിന്റെ രണ്ടാം നിലയില്‍ ഒരുക്കിയ പികെ കുഞ്ഞനന്തന്‍ സ്മാരക ഹാള്‍ എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ പി മോഹനന്‍ എംഎല്‍എ, പി ജയരാജന്‍, പി ഹരീന്ദ്രന്‍, കെ ഇ കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.