അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന്് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സത്യപ്രതിജ്ഞയ്ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് അനില്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ട്ടി അദ്ധ്യക്ഷന്‍ ജോര്‍ജ് സെബാസ്റ്റിയന് എന്നിവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് 500ലേറെ പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമലംഘനമാണെന്ന് പരാതിക്കാര്‍ ആരോപിച്ചു.
ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്ഞ രാജ്ഭവനില്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കണം. 50ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കരുത്.
പരാതിക്കാര്‍
Also Read: ട്രിപ്പിള്‍ ലോക്ഡൗണിനിടയിലെ ഇടത് വിജയാഘോഷം; എകെജി സെന്ററിലെ കേക്ക് മുറിക്കലിനെതിരെ ഡിജിപിക്ക് പരാതി
സത്യപ്രതിജ്ഞാ ചടങ്ങ് ചുരുക്കി നടത്താത്തതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ചടങ്ങ് ബഹിഷ്കരിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ചടങ്ങുകള്‍ക്ക് 500 വലിയ സംഖ്യയല്ലെന്നും വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. മെയ് 20നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ എതിരായി കോടതി ഇടപെടലുണ്ടായാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും.