ഭര്‍ത്താവിന്റെ രോഗവിവരമറിഞ്ഞ് പണം അയക്കുന്നവര്‍ അത് നിര്‍ത്തണമെന്ന് നടി പൗളി വല്സന്. ഡയാലിസിസ് പേഷ്യന്റായ ഭര്‍ത്താവ് കൊവിഡ് ബാധിച്ച് ഐസിയുവില്‍ കഴിയുകയാണെങ്കിലും തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്ന് നടി പറഞ്ഞു. ആരോടും ഭര്‍ത്താവിന്റെ രോഗ വിവരം പറഞ്ഞ് പണം ചോദിച്ചിരുന്നില്ല. ആരോടും പണം ചോദിക്കുന്ന ആളല്ല. ആളുകള്‍ സ്നേഹം കൊണ്ടായിരിക്കും പണം നല്‍കുന്നത്. പക്ഷെ, സിനിമയില്‍ അഭിനയിച്ച് തനിക്ക് നല്ലൊരു തുക ലഭിക്കുന്നുണ്ടെന്നും പൗളി പറഞ്ഞു. കൊവിഡ് പോസിറ്റീവായ നടി വീഡിയോയിലൂടെയാണ് പ്രതികരിച്ചത്.
എനിക്ക് പിരിവ് വേണ്ട. ഞാന്‍ നന്നായിട്ട് ജോലി ചെയ്യുന്നുണ്ട്. നന്നായിട്ട് പൈസയും കിട്ടുന്നുണ്ട്. മൂന്ന് സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഈ അസുഖം വന്നത്. അതുകഴിഞ്ഞാല്‍ ആ പടം ചെയ്തു തീര്‍ക്കാനുള്ളതാണ്. അപ്പോഴും എനിക്ക് നല്ലൊരു തുക കിട്ടാനുണ്ട്.
പൗളി വല്സന്
എന്റെ കഴിവിനനുസരിച്ചുള്ള വേഷങ്ങളും അതിനനുസരിച്ചുള്ള പ്രതിഫലവും എനിക്ക് കിട്ടുന്നുണ്ട്. സിനിമക്കാര്‍ ആരും എന്നെ ബുദ്ധിമുട്ടിപ്പിച്ചിട്ടില്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്. ഞാന്‍ പിരിവിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ചിലര്‍ പറയുന്നത്. എന്നെ വ്യക്തിപരമായി സഹായിച്ച ഒരാളുടെ കൈയില്‍ നിന്നും അറിയാതെ പുറത്തുപോയതാണ് ഗൂഗിള്‍ പേ നമ്പറും അക്കൗണ്ട് വിവരങ്ങളും. ഗൂഗിള്‍ പേയിലൂടെ കിട്ടിയ മുഴുവന്‍ പൈസയും ഞാന്‍ തിരിച്ചയച്ചിട്ടുണ്ട്. ബാങ്ക് വഴി അയച്ച എല്ലാവരുടെയും വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് തിരിച്ച് അയക്കാമെന്നും സംസ്ഥാന അവാര്‍ഡ് ജേത്രി കൂട്ടിച്ചേര്‍ത്തു.
പൗളി വല്‍സന്റെ വാക്കുകള്‍
“എന്റെ പ്രിയപ്പെട്ടവരേ, എനിക്ക് കൊവിഡ് ആണ്. എന്റെ ഭര്‍ത്താവിനും കൊവിഡ് വന്നു. അദ്ദേഹം ഡയാലിസിസ് പേഷ്യന്റ് ആയതുകൊണ്ട് കുറച്ച് സീരിയസ് ആയി. അദ്ദേഹം ആശുപത്രിയില്‍ ഐസിയുവില്‍ തന്നെയാണ്. ഞാന്‍ ആരോടും പത്ത് പൈസ പോലും ആ പേര് പറഞ്ഞ് ചോദിച്ചിട്ടില്ല. എനിക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ ജോലി ചെയ്ത കാശ് തന്നെ എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല. അസുഖമാണെന്നറിഞ്ഞ് ആ പണമെല്ലാം എന്റെ അക്കൗണ്ടിലേക്ക് വന്നു. പിന്നെ ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യം ഇല്ലല്ലോ. അതു മാത്രമല്ല, ഞാന്‍ ഒരിക്കലും ഒരാളോടും സഹായം ചോദിക്കുന്ന ആളല്ല. എന്നെ വ്യക്തിപരമായി സഹായിക്കാന്‍ ഒരുപാട് പേരുണ്ട്. ഇത് എങ്ങനെ വന്നെന്ന് എനിക്കറിയില്ല. സ്നേഹം കൊണ്ടായിരിക്കും ആളുകള്‍ പൈസ ഇങ്ങനെ തന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ആവശ്യം ഇല്ല. എനിക്ക് പിരിവ് വേണ്ട. ഞാന്‍ നന്നായിട്ട് ജോലി ചെയ്യുന്നുണ്ട്. നന്നായിട്ട് പൈസയും കിട്ടുന്നുണ്ട്. മൂന്ന് സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഈ അസുഖം വന്നത്. അതുകഴിഞ്ഞാല്‍ ആ പടം ചെയ്തു തീര്‍ക്കാനുള്ളതാണ്. അപ്പോഴും എനിക്ക് നല്ലൊരു തുക കിട്ടാനുണ്ട്. എന്റെ കഴിവിനനുസരിച്ചുള്ള വേഷങ്ങളും അതിനനുസരിച്ചുള്ള പ്രതിഫലവും എനിക്ക് കിട്ടുന്നുണ്ട്.
സിനിമക്കാര്‍ ആരും എന്നെ ബുദ്ധിമുട്ടിപ്പിച്ചിട്ടില്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്. ഞാന്‍ പിരിവിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ചിലര്‍ പറയുന്നത്. നൂറും ഇരുനൂറുമൊക്കെയായി എന്റെ അക്കൗണ്ടിലേക്ക് പൈസ വന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് അതില്‍ ഭയങ്കര ബുദ്ധിമുട്ടുണ്ട്. എന്റെ ഭര്‍ത്താവിനെ നോക്കേണ്ടത് എന്റേയും എന്റെ മക്കളുടേയും കടമയല്ലേ. എന്നെ വ്യക്തിപരമായി സഹായിച്ച ഒരാളുടെ കൈയില്‍ നിന്നും പുറത്തുപോയതാണ് ഗൂഗിള്‍ പേ നമ്പരും അക്കൗണ്ട് വിവരങ്ങളും. അറിയാതെ സംഭവിച്ചതാണ്. അവര്‍ക്കും അതൊരു ബുദ്ധിമുട്ട് ആയി. ദയവു ചെയ്ത് നിങ്ങളാരും എനിക്ക് ഇനി പൈസ അയക്കരുത്. ഗൂഗിള്‍ പേയിലൂടെ കിട്ടിയ മുഴുവന്‍ പൈസയും ഞാന്‍ തിരിച്ചയച്ചിട്ടുണ്ട്. ബാങ്ക് വഴി അയച്ച എല്ലാവരുടെയും വിവരങ്ങള്‍ കിട്ടുന്നില്ല. അങ്ങനെ അയച്ചവര്‍ എന്നെ അറിയിക്കണം. ആ പൈസ ഞാന്‍ തിരിച്ചുതരാം. ഈ കാലഘട്ടത്തില്‍ എല്ലാവര്ക്കും ഒരേപോലെ തന്നെയാണ് ബുദ്ധിമുട്ട്. ഇത് സത്യസന്ധമായ വാക്കാണ്. ഞാന്‍ ആരോടും അഞ്ച് പൈസ പോലും ചോദിച്ചിട്ടില്ല.”