‘നിങ്ങളുടെ വികാരം നേതൃത്വത്തിന് മുന്നിലെത്തും’; പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പക്വത കാണിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കല്‍ നീണ്ടുപോകുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയവെ പ്രതികരണവുമായി കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. രോഷവും നിരാശയും കടുത്ത ഭാഷയിലും ട്രോളുകളായും പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിംവദന്തികള്‍ക്ക് പിന്നാലെ പോകരുതെന്ന് നിയുക്ത എംഎല്‍എ പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം നൂറു ശതമാനം ഉള്‍കൊള്ളുന്നു. കിംവദന്തികളുടെ വികാരത്തില്‍ പ്രതികരിക്കരുത്. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മള്‍ നില്‍ക്കുന്നത്. വികാരപ്രകടനങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷതം സംഭവിക്കുകയേ ഉള്ളൂ. അത് പരിഹരിക്കാന്‍ നമ്മള്‍ തന്നെ വേണമെന്നത് മറക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

സ്വതന്ത്രമായും നിര്‍ഭയമായും അഭിപ്രായം പറയാനുള്ള അവസരം കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഉണ്ട്. അതിനുള്ള ആര്‍ജവവും ഇച്ഛാശക്തിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ പൂര്‍ണമായും അസ്തമിച്ചു എന്ന് ധരിക്കണ്ട. പ്രവത്തകരുടെ വികാരം നേതൃത്വത്തിന് മുന്നില്‍ എത്തും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

മാത്യു കുഴല്‍നാടന്‍

അഭിപ്രായ പ്രകടനത്തില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കുറച്ച്കൂടി പക്വത കാണിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. കോണ്‍ഗ്രസിനും നേതാക്കള്‍ക്കും എതിരായ പല ട്രോളുകളും സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതും മറക്കരുത്. ഈ പ്രതിസന്ധി നമ്മള്‍ അതിജീവിക്കുമെന്നും മൂവാറ്റുപുഴയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുവനേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

മാത്യു കുഴല്‍നാടന്റെ പ്രതികരണം

“കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഫോണിലും നേരിട്ടും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ആശങ്കയും അഭിപ്രായങ്ങളും ഒക്കെ അറിയിക്കുകയുണ്ടായി. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ രോഷവും നിരാശയും ഒക്കെ കടുത്ത ഭാഷയിലും ട്രോളുകളും ഒക്കെ ആയി പ്രകടിപ്പിക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ വികാരം നൂറു ശതമാനം ഉള്‍കൊള്ളുന്നു.

ഒരു അഭ്യര്‍ത്ഥന നടത്താനാണ് ഇതെഴുതുന്നത്. നിങ്ങള്‍ ദയവു ചെയ്തു കിംവദന്തികള്‍ക്ക് പിന്നാലെ പോകരുത്.. അതിന്റെ വികാരത്തില്‍ പ്രതികരിക്കരുത്.. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മള്‍ നില്‍ക്കുന്നത്. വികാരപ്രകടനങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷതം സംഭവിക്കത്തെ ഉള്ളു. അത് പരിഹരിക്കാന്‍ ഞാനും നിങ്ങളും തന്നെ വേണം എന്നത് മറക്കണ്ട.

പിന്നെ പാര്‍ട്ടിയിലെ എല്ലാ തീരുമാനങ്ങളും അഭിപ്രായങ്ങളും ഗ്രൂപ്പ് താല്പര്യം മുന്‍നിര്‍ത്തി മാത്രമാണ് എന്ന് കരുതണ്ട. സ്വതന്ത്രമായും നിര്‍ഭയമായും അഭിപ്രായം പറയാനുള്ള അവസരം കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഉണ്ട്. അതിനുള്ള ആര്‍ജവവും ഇച്ഛാശക്തിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ പൂര്‍ണമായും അസ്തമിച്ചു എന്ന് ധരിക്കണ്ട. പ്രവര്‍ത്തകരുടെ വികാരം നേതൃത്വത്തിന് മുന്നില്‍ എത്തും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

അതുകൊണ്ട് അഭിപ്രായ പ്രകടനത്തില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കുറച്ച്കൂടി പക്വത കാണിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. കോണ്‍ഗ്രസിനും നേതാക്കള്‍ക്കും എതിരായ പല ട്രോളുകളും സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതും നമ്മള്‍ മറക്കണ്ട..
ഇന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒറ്റ സ്വരത്തില്‍ പറയണമെന്ന്, ഉള്‍കൊള്ളണമെന്നും ഞാന്‍ ആഗ്രഹിക്കുന്ന ഒരു വരി താഴെ കുറിക്കട്ടെ..

നമ്മള്‍ അതിജീവിക്കും. നമ്മള്‍ മറികടക്കും
നന്ദി..”