‘ഒരുപാട് നാളത്തെ അധ്വാനമാണ്, റിലീസ് വരെ ദയവായി കാത്തിരിക്കൂ’; ബാന്‍ മുറവിളികള്‍ക്കിടെ ഫാമിലിമാന്‍ സംവിധായകര്‍

ശ്രീലങ്കന്‍ തമിഴരെ മോശമായി ചിത്രീകരിക്കുന്നെന്നാരോപിച്ച് പ്രതിഷേധങ്ങള്‍ രൂക്ഷമാകവെ പ്രതികരണവുമായി ഫാമിലിമാന്‍ സീസണ്‍ ടു ക്രിയേറ്റേഴ്‌സ്. ട്രെയിലറിലെ ഏതാനും രംഗങ്ങളുടെ പേരില്‍ സീരീസിനെ വിധിക്കരുതെന്ന് ഷോ ക്രിയേറ്റര്‍മാരായ രാജും ഡികെയും അഭ്യര്‍ത്ഥിച്ചു. ഷോ പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കുകയും കാണുകയും ചെയ്യണം. ക്രിയേറ്റീവ് റൈറ്റര്‍മാരുള്‍പ്പെടെ ക്രൂവിലെ പലരും തമിഴരാണെന്നും രാജും ഡികെയും പറഞ്ഞു.

തമിഴ് ജനതയോട് അങ്ങേയറ്റത്തെ സ്‌നേഹവും ബഹുമാനവുമാണുള്ളത്. വര്‍ഷങ്ങളുടെ പ്രയത്‌നഫലമാണ് ഫാമിലി മാന്‍. പ്രേക്ഷകര്‍ക്കിടയിലേക്ക് സന്തുലിതമായ, സംവേദനക്ഷമമായ ഒരു കഥയെത്തിക്കാന്‍ വലിയ വേദന സഹിച്ചിട്ടുണ്ട്.

രാജ്, ഡികെ

സീരീസ് കണ്ടുകഴിയുമ്പോള്‍ എല്ലാവരും തങ്ങളെ അഭിനന്ദിക്കുമെന്നും ക്രിയേറ്റേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

മെയ് 19നാണ് ഫാമിലിമാന്‍ സെക്കന്‍ഡ് സീസണിന്റെ ട്രെയിലര്‍ ആമസോണ്‍ പ്രൈം പുറത്തുവിട്ടത്. സ്‌പൈ ത്രില്ലര്‍ ഡ്രാമയുടെ രണ്ടാം സീസണ്‍ പശ്ചാത്തലം ചെന്നൈയാണ്. ട്രെയ്‌ലറില്‍ ഐഎസ്‌ഐയും ‘റിബലുകളും’ ഒരു അപ്രതീക്ഷിത കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന സംഭാഷണവും സാമന്തയുടെ കഥാപാത്രം ‘എല്ലാവരേയും ഞാന്‍ കൊല്ലുമെന്ന്’ തമിഴില്‍ പറയുന്നതുമുണ്ട്. എല്‍ടിടിഇ യൂണിഫോണിന് സമാനമായ വേഷം ധരിച്ച് ഒരു സംഘമാളുകള്‍ ആയുധപരിശീലനം നടത്തുന്നതിന്റേയും ബോംബ് സ്‌ഫോടനം നടക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ട്രെയ്‌ലറില്‍ ഉണ്ട്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. ശ്രീലങ്കന്‍ തമിഴരെ ഭീകരന്മാരായി ചിത്രീകരിക്കുകയാണെന്ന് ആരോപിച്ച് ട്വറ്ററിലും ഫേസ്ബുക്കിലും ഹാഷ്ടാഗ് ക്യാംപെയ്‌നുകള്‍ ആരംഭിച്ചു.

ഫാമിലി മാന്‍ സീസണ്‍ ടു നിരോധിക്കണമെന്നാവശ്യപ്പെട്ട് എംഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ വൈകോ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സീരീസ് ബാന്‍ ചെയ്തില്ലെങ്കില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഗൗരവതരമായി പ്രതികരിക്കുമെന്നാണ് വൈകോയുടെ മുന്നറിയിപ്പ്.

പ്രതിഷേധം കടുത്തതോടെ തമിഴ്‌നാട് സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. ഐടി മന്ത്രി ടി മനോ തങ്കരാജ് വാര്‍ത്താ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണിപ്പോള്‍. ഷോ പ്രര്‍ശിപ്പിക്കരുതെന്നും സീരീസ് വിദ്വേഷപരവും നിന്ദാകരവുമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചു.

മനോജ് ബജ്‌പെയ്, പ്രിയാ മണി, സാമന്ത അക്കിനേനി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഫാമിലി മാന്‍ ജൂണ്‍ നാലിനെത്തുമെന്നാണ് ആമസോണ്‍ പ്രൈം അറിയിച്ചിരിക്കുന്നത്.