തിരുവനന്തപുരം: സംസ്ഥാനത്ത് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ പരിഹാരം കാണാനൊരുങ്ങി സര്‍ക്കാര്‍. പത്തുമുതല്‍ 20 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനത്തിനായി പുതിയ മാനദണ്ഡങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ സീറ്റുകള്‍ ഇല്ലാതെ വന്നതോടെ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പല ജില്ലകളിലും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കടക്കം പ്രവേശനം ലഭിച്ചില്ല. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 5812 വിദ്യാര്‍ത്ഥികള്‍് അഡ്മിഷന് നേടാനാകാതെ പുറത്തായി. ഇതില്‍ പരിഹാരം കാണാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ പുതിയ മാനദണ്ഡം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇരുപത് ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കുമെന്നും ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി മറ്റ് ജില്ലകളിലേക്ക് മാറ്റുമെന്നുമാണ് മന്ത്രി ശിവന്‍കുട്ടി സഭയില്‍ അറിയിച്ചിരിക്കുന്നത്. സീറ്റ് വര്‍ധനവില്‍ പ്രശ്നം പൂര്‍ണമായും പരിഹരിച്ചില്ലെങ്കില്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാവും, ആവശ്യമെങ്കില്‍ സയന്‍സ് ബാച്ചിനായി താല്‍ക്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന് ഉറപ്പാക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യവേ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ധാരാളം പാളിച്ചകളുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു. ‘വേണ്ടിവന്നാല്‍ പത്തുശതമാനം കൂട്ടും, വേണ്ടിവന്നാല്‍ അധിക ബാച്ച് അനുവദിക്കും എന്ന് പറയുകയല്ല വേണ്ടത്. രണ്ടാമത്തെ അലോട്ട്മെന്റ് കഴിഞ്ഞിട്ട് ദിവസങ്ങളായി. മുഴുവന്‍ എ പ്ലസ് നേടിയ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് കിട്ടാതെ പുറത്തുനില്‍ക്കുകയാണ്. ആഗ്രഹിച്ച വിഷയമെടുക്കാന്‍ കഴിയാത്ത മുഴുവന്‍ എ പ്ലസ് നേടിയ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ വേറെയുണ്ട്. അവര്‍ കിട്ടിയതിന് പോയി ചേര്‍ന്നിരിക്കുകയാണ്. ഒരു കാലഘട്ടത്തിലും, ഒരു അധ്യായന വര്‍ഷത്തിലും കേരളത്തില്‍ സംഭവിച്ചിട്ടില്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്’, സതീശന് പറഞ്ഞതിങ്ങനെ.
സംസ്ഥാനത്തെ അമ്പത് താലൂക്കുകളിലാണ് സീറ്റ് കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 36 താലൂക്കുകളില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് സീറ്റുകുറവുണ്ട്. ഇത് പരിഗണിച്ചാണ് സയന്‍സിന് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലേക്കും ഫിറ്റ്നെസ് യോഗ്യതകളുള്ള എയിഡഡ്-അണ്‍എയിഡഡ് സ്കൂളുകളിലേക്കുമാവും അധിക സീറ്റും ബാച്ചുകളും അനുവദിക്കുക. ഇത്തരത്തില്‍ ആവശ്യമുള്ള പ്രദേശങ്ങളില്‍ യോഗ്യതയുള്ള സ്കൂളുകള്‍ ഉണ്ടോ എന്നത് പരിശോധിക്കേണ്ടതായി വരും.