ഓണ്‍ലൈനില്‍ വിതുമ്പിയും ഏങ്ങലടിച്ചും മോഡി; ‘ഈ വൈറസ് നമ്മുടെ പ്രിയപ്പെട്ടവരെ തട്ടിയെടുത്തു’

ഓണ്‍ലൈന്‍ പ്രഭാഷണത്തിനിടെ വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലെ ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവെയാണ് മോഡി വികാരാധീനനായത്. ഈ വൈറസ് നമ്മുടെ പ്രിയപ്പെട്ടവരെ തട്ടിയെടുത്തെന്ന് പറഞ്ഞ ശേഷം പ്രധാനമന്ത്രി വിതുമ്പുകയായിരുന്നു.

മരിച്ചവര്‍ക്ക് എന്റെ എളിയ ആദരങ്ങള്‍. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങളോട് ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പ്രധാനമന്ത്രി

കൊറോണയുടെ രണ്ടാം തരംഗത്തില്‍ ഒരേ സമയത്ത് പല പോരാട്ടങ്ങളാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാപനത്തിന്റെ നിരക്ക് കൂടുതലാണ്. രോഗികള്‍ കൂടുതല്‍ സമയം ആശുപത്രികളില്‍ ചെലവഴിക്കേണ്ടി വരുന്നു. ഇത് അലംഭാവത്തിനുള്ള സമയമല്ല. നീണ്ട ഒരു പോരാട്ടം നമുക്ക് മുന്നിലുണ്ട്. ആരോഗ്യപ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനം തടയുന്നതിലും കൊവിഡ് ബാധിതര്‍ക്ക് അത്യാവശ്യ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കൊവിഡ് നിയന്ത്രണാതീതമാകുന്നതിന് മുന്നേ വിജയം പ്രഖ്യാപിക്കുകയും വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് കയറ്റി അയക്കുകയും ചെയ്തത് രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിനിടയിലും മോഡി പശ്ചിമ ബംഗാളില്‍ വലിയ തെരഞ്ഞെടുപ്പ് റാലികള്‍ നയിച്ചതിനെതിരെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ഇന്ത്യയിലെ ശ്മശാനങ്ങള്‍ നിറഞ്ഞ് കവിയുന്നതിന്റേയും വിറക് തികയാതെ നദീതീരങ്ങളില്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നതിന്റേയും മൃതദേഹങ്ങള്‍ ഗംഗാ നദിയിലൂടെ ഒഴുകി നടക്കുന്നതിന്റേയും ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.