‘നൂറ് കോടി വാക്‌സീന്‍ ഡോസ് നല്‍കാന്‍ കഴിഞ്ഞത് രാജ്യത്തിന്റെ വിജയം’; വിളക്കു തെളിയിക്കലിലൂടെ രാജ്യത്തിന്റെ ഐക്യമാണ് കണ്ടതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡിനെതിരെ നൂറ് കോടി വാക്‌സീന്‍ എന്ന ലക്ഷ്യം കൈവരിക്കാനായാത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇത് ജനങ്ങളുടെ വിജയമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. രാജ്യം കൊറോണയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തും. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ഇന്ത്യക്ക് കഴിയുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. ആ സംശയം അസ്ഥാനത്തായി. വികസിത രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യക്ക് കൊവിഡിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് വാക്‌സിനേഷന്‍ മുന്നേറ്റം. വിളക്ക് കത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് കൊണ്ട് കൊറോണയെ തുരത്താന്‍ കഴിയുമോ എന്ന് പുച്ഛിച്ചു. പക്ഷെ രാജ്യത്തിന്റെ ഐക്യമാണ് വിളക്കുതെളിയിക്കലിലൂടെ കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിന്‍ പ്ലാറ്റ്‌ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയാണ്. വാക്‌സിനേഷനില്‍ വിവേചനം ഇല്ലെന്ന് ഉറപ്പാക്കി. വി.ഐ.പി സംസ്‌കാരം വാക്‌സീന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.