കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ മുന്‍മന്ത്രി കെ.ടി ജലീലിന്റെ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രിയെ പ്രശംസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ജലീലിന് നല്‍കേണ്ട മറുപടി മുഖ്യമന്ത്രി കൊടുത്തുകഴിഞ്ഞു. വഴിയേ പോകുന്നവര്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത മുസ്ലിം ലീഗിനില്ല. എ.ആര് നഗര്‍ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങളെല്ലാം പറയുന്നതിന്റെ അപ്പുറം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് ബസിന് വെറുതെ കല്ലെറിയുന്നതുപോലെ എറിഞ്ഞ് പോകുന്ന ആളുകളുണ്ട്. അതുകൊണ്ട് ആരുടെയെങ്കിലും പ്രീതി കിട്ടും എന്നുദ്ദേശിച്ചാണ് ചെയ്തതെങ്കില്‍ അത് നഷ്ടപ്പെടുകയാണുണ്ടായതെന്ന് മനസിലായില്ലേ’, സലാം ചോദിച്ചു.
മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ജലീല്‍ ഒന്നുമല്ല. ലീഗൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആ രാഷ്ട്രീയപാര്‍ട്ടിയെ ഉത്തരവാദിത്വപ്പെട്ട സംഘടനകളോ പാര്ട്ടകളോ എതിര്ക്കുമ്പോഴേ മറുപടി പറയേണ്ട ആവശ്യമുള്ളൂ. വഴിയേ പോകുന്നവനൊക്കെ വന്ന് ചീത്ത പറഞ്ഞാല്‍ അയാളെ എന്താണ് വിളിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.
എ.ആര് നഗര്‍ സഹകരണ ബാങ്കും കെ.ടി ജലീലും തമ്മിലുള്ള ബന്ധമെന്താണെന്ന് തങ്ങള്‍ക്കറിയില്ലെന്നും പി.എം.എ സലാം പറഞ്ഞു. ‘കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ബാങ്കിലെ ഉദ്യോഗസ്ഥരും സഹകരണ വകുപ്പുമാണ് അക്കാര്യം പറയേണ്ടത്. അല്ലാതെ വഴിയേ പോകുന്നവന് എന്തെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി പറയേണ്ട ആവശ്യം മുസ്ലിം ലീഗിനില്ല. എതന്വേഷണം എവിടെ നടന്നാലും ലീഗ് നേരിടും’.
ലീഗിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ ജലീല്‍ കള്ളപ്പണ ആരോപണമുന്നയിച്ചത്. എ.ആര് നഗര്‍ ബാങ്കില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നായിരുന്നു ആരോപണം. ഇതില്‍ ജലീല്‍ ഇ.ഡിക്ക് തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ, ജലീലിനെ തള്ളിയുള്ള നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇ.ഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇ.ഡിയില്‍ വിശ്വാസ്യത കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. സഹകരണ ബാങ്കില്‍ ഇ.ഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുകയായിരുന്നു.
ഇതോടെ പ്രതിസന്ധിയിലായ ജലീല്‍, മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാനും തിരുത്താനുമുള്ള അധികാരമുണ്ടെന്നുമുള്ള വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.