കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുളവുകാട് മണ്ഡലം പ്രസിഡന്റ് റിന്റോ കെ ജോയിക്കെതിരെ പോക്സോ കേസ്. പതിനാല് വയസുകാരിയ്ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ മുളവുകാട് പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പോക്സോ ഏഴ്, എട്ട് വകുപ്പുകളും ഐപിസി 364 (തട്ടിക്കൊണ്ടുപോകല്‍), ഐപിസി 354 (സ്ത്രീത്വത്തിന് നേരെയുള്ള അതിക്രമം) വകുപ്പും പ്രതിക്ക് മേല്‍ ചുമത്തിയെന്ന് മുളവുകാട് സിഐ സുനില്‍ രാജ് ‘ന്യൂസ്റപ്റ്റി’നോട് പ്രതികരിച്ചു.
എറണാകുളം മേനകയുടെ സമീപത്തുള്ള പാര്‍ക്കിങ്ങ് ഏരിയയില്‍ വെച്ചാണ് അതിക്രമമുണ്ടായതെന്നാണ് അറിയുന്നത്. രണ്ട് വര്‍ഷം മുന്‍പുണ്ടായ സംഭവം ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
സി ഐ സുനില്‍ രാജ്
പ്രതിയെ സമീപിക്കേണ്ട ഘട്ടമെത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥിനിയുടെ കൂട്ടുകാരില്‍ നിന്നുള്‍പ്പെടെ തെളിവുകള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബവുമായി സംസാരിക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും ശ്രമിക്കുന്നതായി വിവരങ്ങളുണ്ട്.

മുളവുകാട് സിഐയുടെ പ്രതികരണം
“റിന്റോ കെ ജോയിക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തു. പോക്സോ ഏഴ്, എട്ട് വകുപ്പുകളും ഐപിസി 364 (തട്ടിക്കൊണ്ടുപോകല്‍), ഐപിസി 354 (സ്ത്രീത്വത്തിന് നേരെയുള്ള അതിക്രമം) വകുപ്പും പ്രതിക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. പ്രതിയെ സമീപിക്കേണ്ട ഘട്ടമെത്തിയിട്ടില്ല. നടപടിക്രമങ്ങളില്‍ മെഡിക്കല്‍ പരിശോധന കഴിഞ്ഞു. ഇനി കോടതിയില്‍ മൊഴിയെടുക്കണം. മുളവുകാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചല്ല കൃത്യം നടന്നത്. മേനകയുടെ സമീപത്തുള്ള പാര്‍ക്കിങ്ങ് ഏരിയയില്‍ വെച്ചാണ് അതിക്രമമുണ്ടായതെന്നാണ് അറിയുന്നത്. അതിക്രമം നേരിടേണ്ടി വന്ന പെണ്‍കുട്ടിയുടെ കൂട്ടുകാരികളുമായി സംസാരിക്കണം. അവര്‍ കുട്ടികള്‍ ആയതിനാലും ഇപ്പോള്‍ അവധിക്കാലമായതിനാലും അവരെ കണ്ട് ചോദിക്കാനും അന്വേഷിക്കാനും ബുദ്ധിമുട്ടുകളുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. അതിന്റേതായ പരിമിതികളുണ്ട്. പക്ഷെ, അന്വേഷണം കൃത്യമായി നടക്കുന്നു.
പെണ്‍കുട്ടിക്ക് ഇപ്പോള്‍ 16 വയസാണ് പ്രായം, കൃത്യം നടക്കുമ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. അന്ന് പെണ്‍കുട്ടി ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാളെ പള്ളിയില്‍ വെച്ച് കണ്ടു. അയാള്‍ പെണ്‍കുട്ടിയോട് എന്തോ ചോദിച്ചു. ഭയം തോന്നി പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞെന്നാണ് നമുക്ക് കിട്ടിയ വിവരം. തെളിവുകളാണ് കോടതിയില്‍ വലുത്, അല്ലെങ്കില്‍ കേസ് നില്‍ക്കില്ല. തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഉണ്ടായാലും കേസിന്റെ മെറിറ്റിന് അനുസരിച്ച് മാത്രമേ മുന്നോട്ട് പോകൂ.”