ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസ്: നാടകീയ നീക്കങ്ങളുമായി പൊലീസ്, കോണ്‍ഗ്രസുകാരനെ കസ്റ്റഡിയിലെടുത്തത് ഉറക്കത്തിനിടെ

കൊച്ചി: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ഉപരോധമുള്‍പ്പെടെയുള്ള കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. വാഹനം തകര്‍ത്തെന്ന ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേടി രാത്രിയും പൊലീസെത്തി. ഒരാളെ കസ്റ്റഡിയിലെടുത്തതാകട്ടെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തിയും.

കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഐഎന്‍ടിയുസി നേതാവുമായ ജോസഫിനെയാണ് വൈറ്റിലയിലെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തവരില്‍ ജോസഫുമുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ജോസഫിന്റെ കയ്യിലെ പരുക്ക് അങ്ങനെ സംഭവിച്ചതാണെന്നും പൊലീസ് പറയുന്നു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജോസഫിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

വാഹനം നശിപ്പിക്കല്‍, അനുമതിയില്ലാതെ വഴിതടയല്‍ എന്നിങ്ങനെ രണ്ട് കേസുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ മേയര്‍ ടോണി ചമ്മണിയടക്കം എട്ടുപേര്‍ക്കെതിരെയാണ് വാഹനം നശിപ്പിച്ചെന്ന ജോജുവിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. കേസില്‍ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

വഴി ഉപരോധിച്ചെന്ന കേസില്‍ എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. ഇദ്ദേഹമടക്കം 30 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മൂന്നാം പ്രതി. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിട്ടില്‍ കൂടുതല്‍ വഴിതടയാനും അനുമതി നല്‍കിയിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇരുകേസുകളിലും ഉള്‍പ്പെട്ട നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Also Read: കോണ്‍ഗ്രസുകാര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതല്ല; ജോജു ഫേസ്ബുക്ക് അക്കൗണ്ട് സ്വയം നീക്കം ചെയ്തത്

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച്ച വൈറ്റിലയില്‍ നടത്തിയ വഴി തടയല്‍ സമരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉപരോധം മൂലം വാഹനഗതാഗതം തടസപ്പെട്ടു. യാത്ര തടസപ്പെടുത്തിയെന്നാരോപിച്ച് നടന്‍ ജോജു ജോര്‍ജ് വണ്ടിയില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ചു. കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന കുട്ടിയും സ്‌കാനിങ്ങിന് പോകുന്ന ഗര്‍ഭിണിയും ബ്ലോക്കില്‍ പെട്ടു കിടക്കുന്നത് കണ്ടെന്ന് ജോജു പറഞ്ഞു. വഴി തടഞ്ഞ് സമരം ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചതോടെ ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. ബ്ലോക്കില്‍ കിടന്നവരില്‍ ചിലരും സമരത്തെ അനുകൂലിച്ച് പ്രതികരണങ്ങള്‍ നടത്തി. ഇതോടെ ജനക്കൂട്ടം രണ്ടായി തിരിഞ്ഞു. പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. ജോജുവിന്റെ വണ്ടി സമരക്കാര്‍ തടഞ്ഞു. എസ്ഐ ജോജുവിന്റെ കാറിന് അകത്ത് കയറിയാണ് വാഹനം കടത്തിവിട്ടത്. ഇതിനിടെയാണ് നടന്റെ 80 ലക്ഷത്തിലധികം വിലയുള്ള റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് തകര്‍ന്നത്.