ഫ്രാങ്കോ കേസിൽ അപ്പീൽ ഉടൻ; രണ്ട് അപ്പീലിന് നിയമോപദേശം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നടപടികൾ ഉടൻ ആരംഭിക്കും. ഹൈക്കോടതിയില്‍ അപ്പീല്‍ നൽകാമെന്നാണ് നല്‍കാമെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമോപദേശം കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കന്യാസ്ത്രീക്കു വേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ് റാഫും കേസില്‍ അപ്പീല്‍ നല്‍കും.

രണ്ട് അപ്പീലുകളാണ് നൽകുക. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കാതെയുമുള്ള വിചാരണക്കോടതിയുടെ വിധിയില്‍ സാക്ഷിമൊഴികളും തെളിവുകളും വിശ്വാസത്തിലെടുക്കാതെയുള്ള ഗുരുതര പിഴവുണ്ടെന്നാണ് ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കാനാണ് പോലീസ് നീക്കം. കുറ്റപത്രത്തിലെ പിഴവുകളില്‍ വിശദീകരണം നല്‍കി മറ്റൊരു അപ്പീലും നല്‍കും.

ജനുവരി പതിനാലിനായിരുന്നു കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കികൊണ്ട് കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകൾ നിലനിൽക്കില്ല എന്നാണ് ജഡ്ജി ജി ഗോപകുമാറിന്റെ സിംഗിൾ ബെഞ്ച് കണ്ടെത്തിയത്.

അംഗീകരിക്കാനാകാത്ത വിധിയാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹരിശങ്കർ ഐപിഎസ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കോടതി മുഖവിലക്കെടുത്തില്ല എന്നും ഞെട്ടലോടെ ഈ വിധിയെ നോക്കികാണുന്നുവെന്നും കോട്ടയം മുൻ എസ്‌പി കൂടിയായ അദ്ദേഹം പറഞ്ഞു. അപ്പീലിന് പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബുവും പറഞ്ഞിരുന്നു.

ഏഴു കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരുന്നത്. ആവർത്തിച്ചുള്ള ബലാൽസംഗം, അധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അധികാര ദുർവിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ അതിക്രമം, അന്യായമായ തടഞ്ഞുവെയ്ക്കൽ എന്നിവയായിരുന്നു ചുമത്തിയ കുറ്റങ്ങൾ. ഇവ നിലനിൽക്കുന്നതല്ല എന്നാണ് കോടതി കണ്ടെത്തിയത്.

ALSO READ: ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ടത് എന്തുകൊണ്ട്?, വിധിയുടെ വിശദാംശങ്ങൾ