കൊല്ലം: വീട്ടില്‍ ശുചിമുറിയില്ലാത്തതിനാല്‍ പെട്രോള്‍ പമ്പിന്റെ ടോയ്ലെറ്റ് ഉപയോഗിക്കാന്‍ പോയ ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസ് 2000 രൂപ പിഴയിട്ടെന്ന് റിപ്പോര്‍ട്ട്. ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചെന്ന് ആരോപിച്ചാണ് പിഴയിട്ടത്. കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ രണ്ടിനായിരുന്നു സംഭവം. രാവിലെ ആറരയോടെ സമീപത്തെ പെട്രോള്‍ പമ്പിലേക്ക് പ്രഭാത കൃത്യങ്ങള്‍ക്കായി സ്വന്തം ഓട്ടോയില്‍ പോയതായിരുന്നു ഇദ്ദേഹം. എന്നാല്‍ വഴിയില്‍വെച്ച് പൊലീസ് തടയുകയും ലോക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് പിഴയിടുകയുമായിരുന്നു.
തുടര്‍ന്ന് ഓട്ടോ റിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. കാരണം പറഞ്ഞിട്ടും പൊലീസ് നടപടിയില്‍ അയവ് വരുത്തിയില്ലെന്ന് ഇദ്ദേഹം പറയുന്നു.
സത്യവാങ്മൂലം കയ്യില്‍ കരുതിയില്ലെന്ന് കാണിച്ച് അഞ്ഞൂറുരൂപയാക്കി പിഴ കുറയ്ക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് നിര്‍ദ്ദേശിച്ചെങ്കിലും എസ്ഐ ഇതിന് തയ്യാറായില്ല. ലോക്ഡൗണായതിനാല്‍ പണിയില്ലെന്നും വരുമാനമില്ലെന്നും വീട്ടില്‍ ശുചിമുറിയില്ലെന്നും താന്‍ കരഞ്ഞു പറഞ്ഞിട്ടും എസ്ഐ പിഴത്തുക കുറച്ചില്ലെന്നും അദ്ദേഹം പറയുന്നു.