‘പ്രണയാഭ്യര്‍ത്ഥന ശല്യക്കാരെ ഇനിയും താക്കീതില്‍ ഒതുക്കരുത്’; ഏലംകുളം കൊലപാതകം പൊലീസിന്റെ ജാഗ്രതക്കുറവിനാലെന്ന് വനിതാ കമ്മീഷന്‍

ഏലംകുളം കൊലപാതകത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. പൊലീസിന്റെ ജാഗ്രതക്കുറവാണ് പെരിന്തല്‍മണ്ണയിലെ ആക്രമണങ്ങളിലും കൊലപാതകത്തിലും കലാശിച്ചതെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. പ്രണയ അഭ്യര്‍ത്ഥനയുമായി നിരന്തരം പിന്തുടര്‍ന്ന യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരിയെ പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തിലാണ് ജോസഫൈന്റെ പ്രതികരണം.

പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്.

എംസി ജോസഫൈന്‍

നേരത്തേ തന്നെ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മീഷന്‍ ഗൗരവത്തോടെ കാണുന്നു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് പരാതി നല്‍കിയിട്ടും, പ്രത്യേകിച്ച് പ്രതികള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായിട്ടും അവരെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം സി ജോസഫൈന്‍ ചൂണ്ടിക്കാട്ടി.

ഏലംകുളി സ്വദേശിനി ദൃശ്യയെ വിനീഷ് എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതുകൊണ്ടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് പൊലീസ് പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് മൂന്ന് മാസം മുന്‍പ് വിനീഷിനെ താക്കീത് ചെയ്തിരുന്നു. പ്ലസ്ടുവില്‍ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷെന്നും മലപ്പുറം എസ് പി സുജിത് ദാസ് പ്രതികരിച്ചു.

ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സികെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട 21കാരി. പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദ് (21) ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച സഹോദരി ദേവശ്രീക്കും (13) ആക്രമണത്തില്‍ പരുക്കേറ്റു. നെഞ്ചിലും കൈയ്യിലും കുത്തേറ്റ ദേവശ്രീയുടെ നില ഗുരുതരമാണ്. ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ കളിപ്പാട്ടക്കടയില്‍ ഇന്നലെ രാത്രി തീപിടുത്തുമുണ്ടായിരുന്നു. ശ്രദ്ധ തിരിച്ചുവിടാന്‍ വിനീഷാണ് കട കത്തിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.