ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍; അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമമെന്ന് ആരോപണം

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അഭിലാഷ് ചന്ദ്രന് സസ്‌പെന്‍ഷന്‍. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് അച്ചടക്ക നടപടി. അഭിലാഷ് ചന്ദ്രന്‍ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഡോക്ടറെ മര്‍ദ്ദിച്ചയാളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന ആവശ്യവുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. ഇടതുപക്ഷ അനുഭാവിയും പൊലീസ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനുമായ അഭിലാഷിന്റെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന ആരോപണവുമുണ്ട്.

മെയ് 14ന് പുലര്‍ച്ചെയാണ് രാഹുല്‍ മാത്യുവിന് മര്‍ദ്ദനമേല്‍ക്കുന്നത്. സര്‍ജനായ രാഹുല്‍ മാത്യുവിന് അന്ന് വാര്‍ഡില്‍ നൈറ്റ് ഡ്യൂട്ടിയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ നിന്ന് കോള്‍ വന്നതിനേത്തുടര്‍ന്ന് രാഹുല്‍ കാഷ്വല്‍റ്റിയിലെത്തി. അഭിലാഷ് ചന്ദ്രന്റെ അമ്മയെ ആയിരുന്നു അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തും മുന്‍പ് തന്നെ രോഗി മരിച്ചിരുന്നു. ‘ബ്രോട്ട് ഡെഡ്’ ആയതിനാല്‍ തുടര്‍ നടപടി സ്വീകരിക്കണമെന്നും പൊലീസില്‍ അറിയിക്കണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

മരണവിവരമറിഞ്ഞതോടെ കൂടെയുണ്ടായിരുന്നവര്‍ അക്രമാസക്തരായി. അഭിലാഷ് ചന്ദ്രന്‍ പല തവണ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ഒടുവില്‍ ഡ്യൂട്ടി റൂമില്‍ കയറി മര്‍ദ്ദിക്കുകയുമായിരുന്നു. ഡോക്ടര്‍ പരാതിപ്പെട്ടതിനേത്തുടര്‍ന്ന് സംഭവം വിവാദമായി. ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളിലും ഡോക്ടറെ പിന്തുണച്ച് നിരവധി പേരെത്തി. ദിവസങ്ങളോളം നടത്തിയ പ്രതിഷേധ സമരത്തിലും നടപടിയുണ്ടാകാത്തതിനേത്തുടര്‍ന്നാണ് ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്.