‘താര സുന്ദരിമാരെ പൊലീസ് നോക്കി നിന്നു, കുടുംബത്തിനൊപ്പം കാറില്‍ പോയ എനിക്ക് 500 രൂപ പെറ്റി’; ചിത്രങ്ങള്‍ പങ്കുവെച്ച് കോട്ടയം സ്വദേശി

അമ്മ മീറ്റിങ്ങിന് മാസ്‌കിടാതെ വന്ന താരങ്ങളെ നോക്കി നിന്ന പൊലീസ് കാറില്‍ പോയ തനിക്ക് 500 രൂപ പെറ്റിയടിച്ചു തന്നെന്ന് കോട്ടയം സ്വദേശി. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സ്വന്തം വാഹനത്തില്‍ യാത്ര ചെയ്തപ്പോള്‍ വാഗമണ്‍ പൊലീസ് മാസ്‌ക് ശരിയായി വെച്ചില്ലെന്ന കാരണം പറഞ്ഞ് 500 രൂപ പിഴയീടാക്കിയെന്ന് വിഷ്ണു എസ് നായര്‍ പറയുന്നു. അമ്മ ജനറല്‍ ബോഡി മീറ്റിങ്ങിനെത്തിയ താര സുന്ദരിമാരേയും സുന്ദരമാരേയും പൊലീസ് നോക്കി നില്‍ക്കുകയാണ് ചെയ്തതെന്നും യാത്രക്കാരന്‍ ചൂണ്ടിക്കാട്ടി. പെറ്റിയടിച്ച രസീതിന്റെ ചിത്രവും അമ്മ ജനറല്‍ ബോഡി മീറ്റിങ്ങിന്റെ ചിത്രവും വിഷ്ണു പങ്കുവെച്ചു. അയ്യായിരത്തോളം പേരാണ് ആറ് മണിക്കൂറിനിടെ വിഷ്ണുവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഗ്ലാസ് കയറ്റി ഇട്ട വാഹനത്തില്‍, ഞാന്‍ മാസ്‌ക് ശരിയായി വെക്കാത്തത് മൂലം പകര്‍ച്ച വ്യാധി പകരും, എന്നാണ് ചോദിച്ചപ്പോള്‍ കിട്ടിയ വിശദീകരണം. വല്ലാത്ത ഒരു വ്യാധിയെ.

വിഷ്ണു എസ് നായര്‍

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിങ്ങ് നടത്തിയത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന വിമര്‍ശനമുയരുന്നുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി സാധാരണക്കാരില്‍ നിന്നും പിഴയീടാക്കുന്ന സര്‍ക്കാരും പൊലീസും അഭിനേതാക്കള്‍ക്ക് പ്രത്യേക ഇളവ് നല്‍കുന്നത് അനീതിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു. ഓഗസ്റ്റ് 17, ചിങ്ങം ഒന്നിനാണ് സിനിമാതാരങ്ങള്‍ ജനറല്‍ ബോഡി മീറ്റിങ്ങിനായി കൊച്ചിയിലെ അമ്മ ആസ്ഥാനത്ത് ഒത്തു ചേര്‍ന്നത്.

മീറ്റിങ്ങിനായി കൊച്ചിയിലെ അമ്മ ആസ്ഥാനത്ത് ഒത്തു ചേര്‍ന്നത്.

താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍, സെക്രട്ടറി സിദ്ദിഖ്, ടിനി ടോം, ടൊവീനോ തോമസ്, ആസിഫ് അലി, മനോജ് കെ ജയന്‍, നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണ പ്രഭ, രചന നാരായണന്‍കുട്ടി, പൊന്നമ്മ ബാബു, ബാബുരാജ്, അജു വര്‍ഗീസ്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാവരും ചേര്‍ന്നെടുത്ത ഗ്രൂപ്പ് ഫോട്ടോ അമ്മയുടെ ഫേസ്ബുക് പേജിലും ഷെയര്‍ ചെയ്തു. മൊബൈല്‍ വ്യാപാരികളായ ഫോണ്‍ ഫോറിനൊപ്പം ചേര്‍ന്ന് നൂറ് കുട്ടികള്‍ക്ക് ടാബ് വിതരണം ചെയ്യുന്ന ചടങ്ങും അമ്മ ആസ്ഥാനത്ത് നടന്നിരുന്നു. എറണാകുളം എംപി ഹൈബി ഈഡനും പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.

അമ്മയുടെ ഓണാഘോഷചിത്രങ്ങള്‍ എന്ന പേരില്‍ പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും വാര്‍ത്തയായതിന് പിന്നാലെയാണ് വിമര്‍ശനവുമെത്തിയത്. മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് പോലും ധരിക്കാതെ അമ്മ ഭാരവാഹികള്‍ നടത്തിയ പരിപാടി നിരുത്തരവാദിത്തപരമാണെന്ന വിമര്‍ശനമുയര്‍ന്നു. നടി പൊന്നമ്മ ബാബു മാസ്‌ക ധരിക്കാതെ കാറില്‍ വന്നിറങ്ങുമ്പോള്‍ ദൂരെ റോഡിന് മറുവശത്തായി നില്‍ക്കുന്ന പൊലീസുകാരന്റെ ചിത്രം വൈറലാണ്.