കോട്ടയം: പാലായിലെ അഭിമാന പോരാട്ടത്തിലെ തോല്‍വിക്ക് പിന്നാലെ പ്രാദേശിക തലത്തില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് എം പോര് കനക്കുന്നു. പാലായിലെ തോല്‍വിക്ക് കാരണം സിപിഐഎമ്മാണെന്നാണ് ജോസ് വിഭാഗത്തിന്റെ കുറ്റപ്പെടുത്തല്‍. മണ്ഡലത്തിലെ സിപിഐഎം വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാണ് ലഭിച്ചതെന്ന മുറുമുറുപ്പും പാര്‍ട്ടിക്കുണ്ട്. എന്നാല്‍, പോയത് കേരള കോണ്‍ഗ്രസിന്റെ തന്നെ വോട്ടുകളാണെന്ന മറുവാദമുയര്‍ത്തി പ്രാദേശിക സിപിഐഎം നേതൃത്വവും രംഗത്തുണ്ട്.
സിപിഐഎം വോട്ട് വ്യാപകമായി കാപ്പന് ലഭിച്ചു. ജോസ് കെ മാണിയെ ഇടത് സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ പ്രാദേശിക തലത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് ജോസ് പക്ഷത്തിന്റെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പാലാ നഗരസഭയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിയും സംഘര്‍ഷവും തിരിച്ചടിയായോ എന്നും പാര്‍ട്ടി സംശയിക്കുന്നുണ്ട്. പാലായില്‍ തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്ന ജോസ് കെ മാണിക്ക് ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ മാത്രമായിരുന്നു നില മെച്ചപ്പെടുത്താനായത്.
ഇരുപാര്ട്ടികള്ക്കിടയിലുമുള്ള അസ്വാരസ്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം തോമസ് ചാഴിക്കാടന് അഭിപ്രായപ്പെടുന്നത്. താഴേത്തട്ടില്‍ ഇഴുകിച്ചേരലില്‍ വീഴ്ച വന്നോ എന്ന് സംശയമുണ്ടെന്ന പ്രതികരണം അദ്ദേഹം ചില മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപ്രകടിപ്പിക്കുകയും ചെയ്തു.
തങ്ങളുടെ മേല്‍ മാത്രം പഴിചാരേണ്ടെന്നാണ് സിപിഐഎം നിലപാട്. കേരള കോണ്‍ഗ്രസില്‍നിന്നടക്കം വോട്ടുചോര്ച്ചയുണ്ടായിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കേരള കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ജോസ് കെ മാണിയോടും മുന്നണി മാറ്റത്തോടും എതിര്പ്പുള്ളവരുണ്ടെന്നാണ് സിപിഐഎം വാദം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.