മണിരത്നത്തിന്റെ മെഗാ ചിത്രം പൊന്നിയിൻ ശെൽവന്റെ കാസ്റ്റ് ലിസ്റ്റ് വിവരങ്ങൾ പുറത്ത്. മലയാളി സാന്നിധ്യമായി ജയറാം, ലാൽ, റിയാസ് ഖാൻ, റഹ്മാൻ, ഐശ്വര്യ ലക്ഷ്മി എന്നിവരുണ്ട്. ആഴ്വാർകടിയൻ നമ്പിയെന്ന പ്രധാന വേഷമാണ് ജയറാം ചെയ്യുന്നത്. സെമ്പിയൻ മാധേവി എന്ന കഥാപാത്രത്തിന്റെ ചാരനായി, വിദൂഷക സമാന റോളിലാണ് ജയറാം എത്തുന്നത്. കഴിഞ്ഞ ദിവസം ബാബു ആന്റണി ഹൈദരാബാദിലെത്തി പൊന്നിയിൽ ശെൽവൻ ഷൂട്ടിൽ പങ്കെടുത്തിരുന്നു.
ഐശ്വര്യ റായിയുടെ കഥാപാത്രമായ നന്ദിനി/മന്ദാകിനിയുടെ ഒപ്പം റിമാർക്കായി ആന്റഗണിസ്റ്റ് എന്ന് ചേർത്തിട്ടുണ്ട്. അമിതാഭ് ബച്ചന് കരുതിവെച്ചിരുന്ന സുന്ദര ചോഴരുടെ വേഷമാണ് പ്രകാശ് രാജിന് നൽകിയത്.
ആദിത്യ കരികാലൻ – വിക്രം, അരുൾമൊഴി വർമൻ – ജയം രവി, വന്ദിയാതേവൻ – കാർത്തി, ചോഴരാജകുമാരിയും കാർത്തിയുടെ ജോഡിയുമായ കുന്ദാവിയായി തൃഷ, പൂങ്കുഴലി – ഐശ്വര്യ ലക്ഷ്മി, വാനതി – ശോഭിത, പെരിയ പാലുവേടരായർ – ശരത് കുമാർ, ചിന്ന പാലുവേടരായർ – പാർത്ഥിപൻ, കുടമ്പൂർ ശമ്പുവരായർ – നിഴൽഗൾ രവി, മലയമാൻ – ലാൽ, അനിരുദ്ധ ഭ്രമരയാർ – പ്രഭു, സോമൻ സാംബവൻ – റിയാസ് ഖാൻ, രവിദാസൻ – കിഷോർ, കന്തൻ മാരൻ വിക്രം പ്രഭു, പ്രതിഭേന്ദ്ര പല്ലവർ – റഹ്മാൻ, സെന്തൻ അമുതൻ – അശ്വിൻ, മധുരാന്ധകൻ – അർജുൻ ചിദംബരം, കുതൻഡൈ ജോത്തിദാർ – മോഹൻ റാം എന്നിങ്ങനെയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന കാസ്റ്റിങ്ങ് ലിസ്റ്റിലുള്ളത്. മുൻപ് പുറത്തുവിട്ട പട്ടികയിൽ ഏതാനും ചില മാറ്റങ്ങളുണ്ടായിരുന്നു.
കാസ്റ്റിങ്ങ് ലിസ്റ്റ് പുറത്തുവന്നതിനൊപ്പം ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ എത്തിത്തുടങ്ങി. തമിഴ് മാസികയായ ആനന്ദ വികടൻ ഒട്ടുമിക്ക കഥാപാത്രങ്ങളുടേയും ചിത്രങ്ങൾ ഡിസൈൻ ചെയ്ത് പുറത്തുവിട്ടിട്ടുണ്ട്
മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിൻ ശെൽവൻ ഇന്ത്യയിലെ ഏറ്റവും ബജറ്റേറിയ ചിത്രങ്ങളിലൊന്നാണ്. 500 കോടി രൂപയാണ് ചോള സാമ്രാജ്യം പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന്റെ നിർമ്മാണച്ചെലവായി പ്രതീക്ഷിക്കുന്നത്. തമിഴിലെ പ്രശസ്ത എഴുത്തുകാരൻ കൽകി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള ചരിത്ര-സാങ്കൽപിക നോവലാണ് പൊന്നിയിൻ ശെൽവന്റെ ആധാരം. മണി രത്നവും എഴുത്തുകാരൻ ബി ജയമോഹനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.
രാജ രാജ ചോളൻ ഒന്നാമനായ അരുൾമൊഴി വർമന്റെ കഥയാണ് അഞ്ച് ഭാഗങ്ങളിലായി പുറത്തിറങ്ങിയ പൊന്നിയിൻ ശെൽവൻ. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ചത് രാജ രാജ ചോളൻ ഒന്നാമനാണ്. ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങളിൽ സിനിമാ ചിത്രീകരണം നടത്താൻ തമിഴ്നാട് സർക്കാർ അനുവദിക്കാത്തതിനാൽ സിനിമയുടെ ബജറ്റിന്റെ ഒരുഭാഗം ക്ഷേത്ര സെറ്റിടാൻ വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ട് വട്ടം കലാസംവിധാനത്തിന് ദേശീയ പുരസ്കാരം നേടിയ തോട്ടാ ധരണിയാണ് വെല്ലുവിളിയേറ്റെടുത്തിരിക്കുന്നത്. രവി വർമനാണ് ഛായാഗ്രഹണം. എ ആർ റഹ്മാൻ പൊന്നിയിൻ സെൽവന് സംഗീതമൊരുക്കുന്നു. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ഹൗസായ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുബാസ്കാരനും ചേർന്നാണ് നിർമ്മാണം. ആഗസ്റ്റിൽ ഷൂട്ട് പൂർത്തിയാക്കാൻ ശ്രമിക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം അടുത്ത വർഷം റിലീസാകും.