നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായതിന് പിന്നാലെ പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ്. പത്ത് രൂപ കൊടുത്ത് പ്രിന്റ് ചെയ്ത ആയിരക്കണക്കിന് പോസ്റ്ററുകള്‍ വിതരണം ചെയ്യപ്പെട്ടില്ലെന്ന് പീതാംബരക്കുറുപ്പ് ആരോപിച്ചു. കെട്ടുകണക്കിന് പോസ്റ്ററുകള്‍ പലചരക്കുകടയിലും ബേക്കറികളിലും കൊണ്ടുപോയി കൊടുത്തു. ചാത്തന്നൂരില്‍ മാത്രമല്ല കേരളമാകെ ഇത് നടന്നിട്ടുണ്ടെന്നും കെപിസിസി മുന്‍ ഉപാദ്ധ്യക്ഷന്‍ പറഞ്ഞു.
ചാത്തന്നൂരില്‍ എന്നെ തോല്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചിലരുടെ ദുരൂഹമായ പ്രവര്‍ത്തനമുണ്ട്. ഡിസിസിയുടെ ചില നേതാക്കളെ ചിലര്‍ റാഞ്ചിക്കൊണ്ടുപോയി. അവര്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന വിധം മാറി നിന്ന് പ്രവര്‍ത്തിച്ചു. അതോടെ വോട്ടുചോര്‍ന്നു.
എന്‍ പീതാംബരക്കുറുപ്പ്
മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും മാത്രം പഴി ചാരിയിട്ട് കാര്യമില്ല. ഡിസിസി, ബ്ലോക്ക്, മണ്ഡലം തലത്തില്‍ ഈ നീക്കം നടത്തിയവരെയാണ് കണ്ടെത്തേണ്ടത്. ജില്ലയില്‍ വോട്ടുമറിക്കലിന് പിന്നില്‍ മിഡില്‍ തല നേതാക്കളാണ്. കെപിസിസിയ്ക്കെതിരെ വാളെടുക്കും മുന്‍പ് വോട്ടുചോര്‍ത്തുന്നതിനായി ശ്രമം നടത്തി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച ഇടത്തരം നേതാക്കളേക്കുറിച്ച് അന്വേഷിക്കണം. മണ്ഡലങ്ങളില്‍ പോയാല്‍ കാര്യങ്ങള്‍ വ്യക്തമാകും. താഴേത്തട്ടിലുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കണം. മുകള്‍ത്തട്ടില്‍ മാത്രം മാറ്റം വരുത്തിയാല്‍ എക്കാലവും ഇത്തരം നീക്കം നടത്തി പാര്‍ട്ടിയെ നശിപ്പിക്കുന്ന വൈതാളികന്മാര് രക്ഷപ്പെടും. അതുകൊണ്ട് തോറ്റ സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുള്ളതും കേള്‍ക്കണം. നേതൃത്വത്തിനതെിരെ എടുത്തുചാടി തീരുമാനമെടുക്കേണ്ട കാര്യമില്ല. എല്ലാറ്റിനും ഡല്‍ഹിയില്‍ നിന്ന് തീരുമാനമെടുക്കുകയല്ല വേണ്ടതെന്നും മുന്‍ എംപി പറഞ്ഞു.
സിപിഐ നേതാവ് ജി എസ് ജയലാലാണ് ഇത്തവണയും ചാത്തന്നൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 17,206 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയലാലിന്റെ ഹാട്രിക് ജയം. എല്‍ഡിഎഫ് 59,296 വോട്ടുകളും ബിജെപിയുടെ ബി ബി ഗോപകുമാര്‍ 42,090 വോട്ടുകളും നേടി. 34,280 പേരാണ് പീതാംബരക്കുറുപ്പിന് വോട്ട് ചെയ്തത്.