പ്രഭാസ് മിഷന്‍ ഇംപോസിബിളില്‍ ഇല്ല; അഭ്യൂഹങ്ങളെ തള്ളി സംവിധായകന്‍

തെലുങ്ക് നടന്‍ പ്രഭാസ് മിഷന്‍ ഇംപോസിബിള്‍ സെവനില്‍ അഭിനയിക്കുന്നുവെന്ന് ഈയടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളായി വന്നിരുന്നു. എന്നാല്‍ പ്രഭാസിനെ ചിത്രത്തില്‍ സഹകരിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചനകളില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ക്രിസ്റ്റഫര്‍ മക്വാറി.

ചില ദേശീയ മാധ്യമങ്ങളിലാണ് പ്രഭാസ് മിഷന്‍ ഇംപോസിബിളിന്റെ ഭാഗമാവുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. സംവിധായകന്‍ ക്രിസ്റ്റഫര്‍ മക്വാറി തന്നെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റഫര്‍ മക്വാറി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ടോം ക്രീസ് തന്നെ നായകനാവുന്ന ചിത്രം അടുത്ത വര്‍ഷം മെയ് 22ന് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

നിരവധിന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് പ്രഭാസിന് ഇനി പൂര്‍ത്തിയാക്കാനുള്ളത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ സലാര്‍, രാധേ ശ്യാം, ത്രീഡി ചിത്രം ആദിപുരുഷ് എന്നീ ചിത്രങ്ങളൊക്കെ ഇതില്‍ ഉള്‍പ്പെടും.