‘ഞാന്‍ ദൈവമല്ല, നിങ്ങളില്‍ ഒരാളുമല്ല’; എല്ലാമറിയുന്ന കൈനോട്ടക്കാരനായി രാധേശ്യാമിലെ പ്രഭാസ്

ഊഹാപോഹങ്ങള്‍ക്കൊടുവില്‍ പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം രാധേശ്യാമിന്റ ക്യാരക്ടര്‍ ടീസറെത്തി. നടന്റെ ജന്മദിനത്തിലാണ് കഥാപാത്രത്തേക്കുറിച്ച് വെളിപ്പെടുത്തി സിനിമയേക്കുച്ചുളള സസ്‌പെന്‍സ് വര്‍ധിപ്പിക്കുന്ന ടീസര്‍ റിലീസ് ചെയ്തത്. വിക്രമാദിത്യ എന്ന കൈ നോട്ടക്കാരന്റെ വേഷത്തിലാണ് പ്രഭാസിന്റെ വരവ്. ഭാവിയേക്കുറിച്ച് അറിയാവുന്ന ഒരാളാണ് താനെന്ന പ്രഭാസിന്റെ വോയ്‌സ് ഓവറാണ് ടീസറിന്റെ ഹൈലൈറ്റ്.

‘എനിക്ക് നിന്നെ അറിയാം. പക്ഷെ, ഇല്ല. ഞാന്‍ നിങ്ങളോട് പറയില്ല. നിങ്ങളുടെ ഹൃദയമിടിപ്പ് എനിക്ക് അനുഭവപ്പെടും. പക്ഷെ ഞാന്‍ നിങ്ങളോട് പറയില്ല. നിങ്ങളുടെ പരാജയങ്ങള്‍ എനിക്ക് കാണാന്‍ കഴിയും. പക്ഷെ ഞാന്‍ നിങ്ങളോട് പറയില്ല. എനിക്ക് നിങ്ങളുടെ മരണം തിരിച്ചറിയാന്‍ കഴിയും. പക്ഷെ ഞാന്‍ നിങ്ങളോട് പറയില്ല. എനിക്ക് എല്ലാം അറിയാം. എങ്കിലും ഞാന്‍ നിങ്ങളോട് പറയില്ല. കാരണം അത് നിങ്ങള്‍ക്ക് മനസിലാക്കാവുന്നതിലും അപ്പുറമാണ്. എന്റെ പേര് വിക്രമാദിത്യ. ഞാന്‍ ദൈവമല്ല. പക്ഷെ ഞാന്‍ നിങ്ങളില്‍ ഒരാളുമല്ല.’

റൊമാന്റിക് ഡ്രാമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ ടീസറില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ സൂചനകളുമുണ്ട്. നിര്‍മ്മാണക്കമ്പനികളായ യു.വി ക്രിയേഷന്‍സും ടി സീരീസും ചേര്‍ന്നാണ് ടീസര്‍ പുറത്തുവിട്ടത്. രാധാ കൃഷ്ണ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14ന് തിയേറ്ററുകളിലെത്തും. പൂജ ഹെഗ്‌ഡെയാണ് നായികാ വേഷത്തില്‍. സച്ചിന്‍ കേദേക്കര്‍, പ്രിയദര്‍ശി പുലികൊണ്ട, ഭാഗ്യശ്രീ, ജഗപതി ബാബു, മുരളി ശര്‍മ്മ, കുനാല്‍ റോയ് കപൂര്‍, റിദ്ദി കുമാര്‍, സാഷ ചേത്രി എന്നിവരും പ്രധാന റോളിലുണ്ട്. മനോജ് പരമഹംസയാണ് ക്യാമറ ചലിപ്പിച്ചത്. ജസ്റ്റിന്‍ പ്രഭാകറിന്റേതാണ് ഈണവും പശ്ചാത്തല സംഗീതവും. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിക്കുന്നു. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

350 കോടി രൂപ മുതല്‍മുടക്ക് അവകാശപ്പെടുന്ന ചിത്രത്തിന്റെ പശ്ചാത്തലം യൂറോപ്പിലെ 1970കളാണ്. 2018 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദ്, ഇറ്റലി, ജോര്‍ജിയ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. 2021 ജൂലൈ 30ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്നാണ് ജനുവരിയിലേക്ക് മാറ്റിയത്. മഹേഷ് ബാബുവിന്റെ സര്‍ക്കാരു വാരി പാട്ട, പവന്‍ കല്യാണും റാണ ദഗ്ഗുബാട്ടിയും അയ്യപ്പനും കോശിയുമാകുന്ന ഭീംല നായക് എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളുമായിട്ടാകും രാധേശ്യാമിന്റെ ക്ലാഷ് റിലീസ്.