അത്യാസന്ന നിലയിലുള്ള രോഗിക്ക് എയര്‍ ആംബുലന്‍സ് ആവശ്യമെങ്കില്‍ നാലംഗ സമിതി അനുവാദം നല്‍കണം; ലക്ഷദ്വീപില്‍ വീണ്ടും കടുത്ത നിയന്ത്രണവുമായി പ്രഫുല്‍ പട്ടേല്‍

കൊച്ചി: വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളവെ പ്രതിഷേധങ്ങളെ അവഗണിച്ച് ലക്ഷടദ്വീപില് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോദാ പട്ടേല്‍. ദ്വീപിലെ എയര്‍ആംബുലന്‍സ് സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ്. വിദഗ്ധ ചികിത്സക്കായി എയര്‍ ആംബുലന്‍സ് ആവശ്യമായ രോഗികളുടെ കാര്യത്തില്‍ നാലംഗ സമിതിയുടെ അനുമതി ആവശ്യപ്പെടുത്തിയാണ് നിയന്ത്രണം.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട നാലംഗ സമിതി അഡ്മിനിസ്‌ട്രേറ്റര്‍ രൂപീകരിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഈ സമിതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാവണം രോഗികള്‍ക്ക് എയര്‍ ആംബുലന്‍സ് അനുവദിക്കാവൂ എന്നാണ് തീരുമാനം. രേഖകളും ഹാജരാക്കണം. അനുമതി ലഭിച്ചില്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗം കൊച്ചിയിലോ മറ്റോ ഉള്ള ആശുപത്രിയിലെത്തിക്കേണ്ടി വരും.

നേരത്തെ ഹെലികോപ്റ്ററില്‍ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കല്‍ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നുള്ളു.

Also Read: പ്രഫുല്‍ ഖോഡാ പട്ടേലെന്ന് സംവിധായകന്‍, ‘പോടാ’ന്ന് വിളിക്കരുതെന്ന് അവതാരകന്‍; ലക്ഷദ്വീപ് വിഷയത്തിലെ ജനംടിവി ചര്‍ച്ച വൈറല്‍

പ്രതിഷേധങ്ങള്‍ക്കിടെ, കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടരാനും പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് അഡ്മിന്റെ നിര്‍ദ്ദേശം. പരിഷ്‌കാരങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും ദ്വീപിലേയും മറ്റ് സംസ്ഥാനങ്ങളിലേയും പ്രതിഷേധങ്ങള്‍ വൈകാതെ കെട്ടടങ്ങുമെന്നും പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Also Read: ‘വിഡ്ഡികളായ മതഭ്രാന്തന്മാര്‍ ലക്ഷദ്വീപിനെ തകര്‍ക്കുന്നു’; രാഹുല്‍ ഗാന്ധി

ലക്ഷദ്വീപിലെ റിക്രൂട്ട്മെന്റുകള്‍ പുനപരിശോധിക്കാന്‍ വകുപ്പുതല സെക്രട്ടറിമാര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ റിക്രൂട്ട്മെന്റ് കമ്മിറ്റികളുടെ കാലാവധിയും അതിലെ അംഗങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍, ലക്ഷദ്വീപിലേക്ക് സ്ഥലം മാറിയവരേകുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദ്വീപിലെ സ്ഥിര-താല്‍ക്കാലിക ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കണമെന്നും ‘വേണ്ട’ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. കാര്യക്ഷമതയുടെ മാനദണ്ഡം എന്താണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കാത്തതിനാല്‍ ജീവനക്കാര്‍ ആശങ്കയിലാണ്.

Also Read: ‘പ്രതിഷേധമൊക്കെ തീര്‍ന്നോളും’; ലക്ഷദ്വീപിലെ സ്ഥിര-താല്‍ക്കാലിക ജീവനക്കാരുടെ ‘കാര്യക്ഷമത’ പരിശോധിച്ച് നടപടിയെടുക്കാന്‍ അഡ്മിന്റെ നിര്‍ദ്ദേശം