ന്യൂഡല്‍ഹി: അനാരോഗ്യം ചൂണ്ടിക്കാട്ടി മാലേഗാവ് സ്ഫോടന കേസില്‍ കോടതിയില്‍ ഹാജരാവാതിരിക്കുന്ന ബിജെപി എം.പി പ്രഗ്യ സിങ് താക്കൂര്‍ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കബഡി കളിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നു. പ്രഗ്യ സിങിന്റെ മണ്ഡലമായ ഭോപ്പാലില്‍ ഒരു മൈതാനത്ത് വനിതാ കളിക്കാരോടൊപ്പം കബഡി കളിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബുധനാഴ്ച ഒരു കാളി ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കളിക്കാര്‍ പ്രഗ്യയെ കബഡിയില്‍ പങ്കെടുക്കാന്‍ വിളിച്ചു. ക്ഷണം സ്വീകരിച്ച പ്രഗ്യ കബഡി കളിയില്‍ പങ്കുചേരുകയായിരുന്നു.
ആരോഗ്യകാരണങ്ങളുടെ പേര് പറഞ്ഞ് കൊവിഡ് വാക്സീന് സ്വവസതിയില്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് പ്രഗ്യ നൃത്തം ചെയ്യുന്നതിന്റെയും ബാസ്ക്കറ്റ് ബോള്‍ കളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി പുറത്ത് വിട്ടിരുന്നു. കബഡി കളിയുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ‘എന്നാണ് ഇനി പ്രഗ്യ എന്‍.ഐ.എ കോടതിയില്‍ കേസിന് ഹാജരാവുക?’ എന്ന തലക്കെട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് പങ്കുവെച്ചു.
इनकी NIA कोर्ट में अगली 'पेशी' कब है? pic.twitter.com/PddYsXzGP3
— Srinivas BV (@srinivasiyc) October 13, 2021
അനാരോഗ്യം ചൂണ്ടിക്കാട്ടി മാലേഗാവ് സ്ഫോടന കേസില്‍ പ്രഗ്യ സിങ് ജാമ്യം നേടിയിരുന്നു. ഇതേ കാരണം മുന്‍നിര്‍ത്തി വിവിധ കോടതികളില്‍ ഹാജരാവുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയുമാണ്.
2008ലെ മാലേഗാവ് സ്ഫോടന കേസില്‍ പ്രതിയായ പ്രഗ്യക്ക് 2017ലാണ് ജാമ്യം ലഭിച്ചത്. ഇതിന് മുമ്പ് ഒമ്പത് വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. മാലേഗാവിലെ മുസ്ലിം പള്ളിയ്ക്ക് സമീപം മോട്ടോര്‍ ബൈക്കിലെ സ്ഫോടന വസ്തു പൊട്ടിത്തെറിച്ച് ആറ് പേര് കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരിക്കേല്ക്കുകയുമായും ചെയ്തിരുന്നു.