‘ഹിന്ദി പറഞ്ഞതിന് അടിക്കുന്നോ?’; ജയ് ഭീമിലെ രംഗത്തിന്റെ പേരില്‍ പ്രകാശ് രാജിന് ചീത്തവിളി; വംശീയ കമന്റുമായി സിബിഐ മുന്‍ മേധാവിയും

മികച്ച പ്രതികരണങ്ങളുമായി സ്ട്രീമിങ്ങ് തുടരവെ ജ്ഞാനവേല്‍-സൂര്യ ചിത്രം ‘ജയ് ഭീം’ വിവാദത്തില്‍. ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനമാണ് നടന്‍ പ്രകാശ് രാജ് നേരിടുന്നത്. നടന്‍ അവതരിപ്പിക്കുന്ന ഐജി പെരുമാള്‍സാമിയെന്ന കഥാപാത്രം മറ്റൊരു കാരക്ടറിനെ ഹിന്ദി സംസാരിച്ചതിന് തല്ലിയെന്നാണ് ആരോപണം. രംഗം ഹിന്ദി വിരുദ്ധമാണെന്നും സ്പര്‍ധയുണ്ടാക്കുന്നതുമാണെന്നും ആരോപിച്ച് ഒരു വിഭാഗമാളുകള്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. രംഗം അനാവശ്യമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും നിരൂപകന്‍ രോഹിത് ജെയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു. പ്രതികരണങ്ങള്‍ ഇങ്ങനെ.

‘പ്രിയ പ്രകാശ് റായ് എന്ന പ്രകാശ് രാജ്, ഹിന്ദിയോ മറ്റ് ഇന്ത്യന്‍ ഭാഷകളോ സംസാരിക്കാത്തതിന്റെ പേരില്‍ ഒരാളെ തല്ലാമെന്ന് ഇന്ത്യന്‍ ഭരണഘടനയിലെ ഏത് അനുഛേദത്തിലാണുള്ളത്?. അങ്ങനെയെങ്കില്‍ മറ്റ് സിനിമകളില്‍ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകള്‍ സംസാരിക്കുന്നതിന് എത്ര കന്നഡിഗര്‍ നിങ്ങളെ തല്ലണം?’

‘ജയ് ഭീം എന്ന ചിത്രത്തില്‍ പ്രകാശ് രാജ് തന്റെ പ്രൊപ്പഗാണ്ടയുമായി എത്തിയിരിക്കുന്നു, ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ അയാള്‍ ഒരാളെ തല്ലുന്നു.’

‘ഒരു ചെറിയ തിരുത്തുണ്ട്. പ്രകാശ് രാജ് അഭിനേതാവ് മാത്രമാണ്. അദ്ദേഹമല്ലെങ്കില്‍ മറ്റൊരാള്‍ ആ രംഗം ചെയ്യുമായിരുന്നു. എഴുത്തുകാരനാണ് വിമര്‍ശിക്കപ്പെടേണ്ടത്.’

വംശീയത കലര്‍ന്ന പ്രതികരണവുമായി സിബിഐ മുന്‍ മേധാവി എം നാഗേശ്വര റാവുവും രംഗത്തെത്തി. ‘ആ റോളിലുള്ള പ്രകാശ് രാജ് മറ്റൊരാള്‍ പറയുന്നത് ഹിന്ദിയാണെന്ന് എങ്ങനെ മനസിലാക്കി?. വലിയ പ്രാവീണ്യമില്ലെങ്കിലും സാമാന്യ ധാരണയെങ്കിലും വേണ്ടെ? ഇക്കൂട്ടര്‍ ഹിന്ദിയെ വെറുക്കുകയും ഇംഗ്ലീഷിനെ സ്‌നേഹിക്കുകയും ചെയ്യുന്നു. ഹിന്ദി സംസാരിക്കുന്നവരുടെ നിറത്തിന് ബ്രിട്ടീഷുകാരുടെയത്ര ഭംഗിയില്ലാത്തതുകൊണ്ടാണത്.’

എഴുത്തുകാരിയും പ്രൊജക്ട് പൊലീസ് സ്ഥാപകയുമായ സുചിത്ര വിജയന്‍ നാഗേശ്വര റാവുവിനെതിരെ വിമര്‍ശനമുന്നയിച്ചു. ‘ഈ കോമാളി സിബിഐയുടെ മേധാവിയായിരുന്നു,’ എന്നാണ് സുചിത്ര വിജയന്റെ ട്വീറ്റ്.

പ്രകാശ് രാജിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ചിലരെത്തി. സിനിമ മുഴുവന്‍ കാണാതെ ഏതാനും സെക്കന്‍ഡുകള്‍ മാത്രം അടര്‍ത്തിയെടുത്ത് ഇരുഭാഷകളും സംസാരിക്കുന്നവര്‍ തമ്മില്‍ വിദ്വേഷം പടര്‍ത്തരുതെന്ന് മറുവിഭാഗം അഭിപ്രായപ്പെട്ടു.

‘ദയവായി മനസിലാക്കൂ..അടിച്ചതിന് കാരണം ഭാഷയല്ല. അയാള്‍ തെലുങ്കിലോ കന്നഡയിലോ സംസാരിച്ചാലും പ്രകാശ് രാജ് അയാളെ അടിച്ചേനെ. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെയുള്ള അമര്‍ഷം എനിക്ക് മനസിലാകും, പക്ഷെ, ഇത് അതല്ല.’

‘സിനിമ ആദ്യം കാണൂ സുഹൃത്തുക്കളെ, സിനിമയിലെ ഒരു ചെറിയ ക്ലിപ്പ് മാത്രം കാണിച്ച് ചിലര്‍ നിങ്ങളെ വിഡ്ഡിയാക്കുകയാണ്. ഇത് ന്യായമല്ല, തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ രംഗത്തെ സന്ദര്‍ഭത്തില്‍ നിന്നും പൂര്‍ണമായും അടര്‍ത്തി മാറ്റിയിരിക്കുകയാണ്. കഥാപാത്രം അയാളെ അടിച്ചത് മറ്റൊരു കാരണത്താലാണ്.’

മാധ്യമപ്രവര്‍ത്തകന്‍ രാജ്‌ശേഖര്‍ രോഹിത് ജെയ്‌സ്വാളിന് നല്‍കിയ മറുപടി

‘ഈ രംഗം ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാര്‍ക്ക് എതിരെയുള്ളതല്ല. അടികൊണ്ട കഥാപാത്രം പ്രകാശ് രാജിന്റെ കഥാപാത്രത്തിന് അറിയാത്ത ഭാഷയായ ഹിന്ദി സംസാരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. പ്രകാശ് രാജിന്റെ കഥാപാത്രത്തിന് മനസിലാകാതിരിക്കാന്‍ വേണ്ടിയാണത്. ഇത് മനസിലാക്കുന്ന അദ്ദേഹം അയാളെ അടിക്കുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. തമിഴ് ഫിലിംമേക്കേഴ്‌സ് ഹിന്ദി ഭാഷയ്ക്ക് എതിരല്ല.’

ജയ് ഭീമിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലാണ് ഹിന്ദി സംസാരിക്കുന്ന വ്യക്തിയെ തല്ലിയെ ശേഷം അതാത് ഭാഷയില്‍ സംസാരിക്കാന്‍ പെരുമാള്‍സാമിയെന്ന കഥാപാത്രം ആവശ്യപ്പെടുന്നത്. ഹിന്ദിയിലേക്ക് മൊഴിമാറ്റിയ പതിപ്പില്‍ ‘സത്യം പറയൂ’ എന്നാണ് അടിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ജയ് ഭീം പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ചിത്രത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് രംഗത്തെത്തുന്നുണ്ട്. എലിയേയും മറ്റു ജീവികളേയും വേട്ടയാടി ജീവിക്കാന്‍ വിധിക്കപ്പെട്ട ഇരുള വിഭാഗക്കാര്‍ക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളും നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. 1993ല്‍ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലുണ്ടായ കസ്റ്റഡി മര്‍ദ്ദനത്തെ ആസ്പദമാക്കി ടി.ജെ ജ്ഞാനവേലാണ് ചിത്രം ഒരുക്കിയത്. സൂര്യയും മലയാളി നടി ലിജോമോള്‍ ജോസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യയുടേയും ജ്യോതികയുടേയും ഉടമസ്ഥതയിലുള്ള ടുഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ്.