അഹമ്മദാബാദ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രശാന്ത് കിഷോര്‍ തന്ത്രങ്ങള്‍ മെനഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായുള്ള പ്രതികരണങ്ങള്‍ പ്രശാന്ത് കിഷോറോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡോ നടത്തിയിട്ടില്ല.
പ്രശാന്ത് കിഷോറോ മറ്റേതെങ്കിലും ഏജന്‍സികളോ തെരഞ്ഞെടുപ്പില്‍ തങ്ങളുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞു. തെരഞ്ഞെടുപ്പൊരുക്കങ്ങളെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് അമിത് ചാവ്ദയുടെ പ്രതികരണം.
പ്രാഥമിക പദ്ധതികളും തന്ത്രങ്ങളും ആലോചിക്കുന്നതിന് വേണ്ടിയാണ് യോഗം നടന്നത്. യോഗത്തില്‍ അമിത് ചാവ്ദയെ കുടാതെ പ്രതിപക്ഷ നേതാവ് പരേഷ് ദനാനി, മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാരായ ഭാരത്സിങ് സോളങ്കി, അര്ജുന് മോദ്വാദിയ എന്നിവരാണ് ഗാന്ധി നഗറില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.
ബിജെപി സര്‍ക്കാരിന്റെ വീഴ്ചകളും ക്രമക്കേടുകളും ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി വലിയ ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കുമെന്ന് അമിത് ചാവ്ദ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാഥമിക പരിപാടികളും തന്ത്രങ്ങളും തയ്യാറാക്കി. അതോടൊപ്പം തന്നെ പാര്‍ട്ടി ഹൈക്കമാന്‍ഡുമായും നിരന്തരം ചര്‍ച്ചകളിലുമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ കുടുംബങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ വ്യക്തിപരമായി സന്ദര്‍ശിക്കും. കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും തചെയ്യും. സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ പരാതികളും വിമര്‍ശനവും പ്രകടിപ്പിക്കാനുള്ള വേദികള്‍ ഒരുക്കുമെന്നും അമിത് ചാവ്ദ പറഞ്ഞു.
ബിജെപിയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. എംഎല്‍എമാരെ മുഴുവന്‍ വിളിച്ച് ചേര്‍ത്ത് നിലവിലെ അവസ്ഥയും തെരഞ്ഞെടുപ്പ് കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ആ യോഗം നടന്ന് പിറ്റേ ദിവസമാണ് കോണ്‍ഗ്രസും യോഗം ചേര്‍ന്നത്.