‘ബിജെപി ദശകങ്ങളോളം ഇവിടെയുണ്ടാവും, കോണ്‍ഗ്രസിന്റെ ജനപിന്തുണ നഷ്ടപ്പെട്ടതാണ് 65% വോട്ട് വിഘടിക്കാനുള്ള കാരണം’; പ്രശാന്ത് കിഷോര്‍

പനാജി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദശകങ്ങളോളം ബിജെപി ഒരു ശക്തിയായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റിയുടെ തലവനായ പ്രശാന്ത് കിഷോര്‍ ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ മേല്‍നോട്ടത്തിന് എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ജയിച്ചാലും തോറ്റാലും ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തില്‍ ദശകങ്ങളോളം ഉണ്ടാവും. കോണ്‍ഗ്രസിന്റെ ആദ്യ 40 വര്‍ഷങ്ങളെ പോലെ. ബിജെപി എവിടെയും പോവില്ല. ഇന്ത്യന്‍ നിലവാരത്തില്‍ ഒരിക്കല്‍ 30% വോട്ട് സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ അത്ര പെട്ടെന്ന് പോവാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ടായാല്‍ അവര്‍ മോഡിയെ പറിച്ചെറിഞ്ഞേക്കാം. അവര്‍ പറിച്ചെറിഞ്ഞാല്‍ തന്നെ ബിജെപി എങ്ങോട്ടും പോവില്ല. അവരോട് ദശകങ്ങളോളം പോരാടേണ്ടി വരുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ഇവിടെയാണ് രാഹുല്‍ ഗാന്ധി നേരിടുന്ന പ്രശ്‌നം. മിക്കവാറും അദ്ദേഹം ചിന്തിക്കുന്നത് ഇതൊരു സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്നാണ്, ജനങ്ങള്‍ കുറച്ചു കഴിഞ്ഞാല്‍ മോഡിയെ മാറ്റുമെന്നാണ്. പക്ഷെ അങ്ങനെ അത് സംഭവിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

‘മോഡിയുടെ ശക്തിയെ കുറിച്ച് നിങ്ങള്‍ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തില്ലെങ്കില്‍ ഒരിക്കലും അദ്ദേഹത്തെ പരാജയപ്പെടുത്തുവാന്‍ കഴിയുന്ന ഒരു സ്ഥലമുണ്ടാക്കാന്‍ കഴിയില്ല. ഞാന്‍ കരുതുന്ന പ്രശ്‌നം കൂടുതല്‍ പേരും മോഡിയുടെ ശക്തിയെ കുറിച്ച്, എന്താണ് അദ്ദേഹത്തെ ജനകീയനാക്കുന്നതെന്നും പഠിക്കാന്‍ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല എന്നതാണ്. അത് അറിഞ്ഞാല്‍ മികച്ച മത്സരം അദ്ദേഹത്തിനെതിരെ കാഴ്ചവെക്കാന്‍ സാധിക്കും’, പ്രതിപക്ഷ പാര്‍ട്ടികളുടെ പോരായ്മകളെ കുറിച്ച് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എങ്ങനെയാണ് മോഡി ഭരണത്തെ കാണുന്നത് എന്ന ചോദ്യത്തിനും പ്രശാന്ത് കിഷോര്‍ മറുപടി പറഞ്ഞു. നിങ്ങള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനോടോ, പ്രാദേശിക നേതാവിനോടോ ചോദിക്കുക മോഡി ഭരണത്തെ കുറിച്ച്. അവര്‍ പറയും ഇതൊരു സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്ന്. ജനങ്ങള്‍ക്ക് മോഡി ഭരണം മടുത്തു, ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. മോഡിയെ ജനങ്ങള്‍ തൂത്തെറിയുമെന്നും. എനിക്കതില്‍ സംശയമുണ്ട്. അത് സംഭവിക്കില്ല എന്നായിരുന്നു മറുപടി.

മോഡിക്കെതിരെ ഒരഭിപ്രായ വ്യത്യാസവും സൃഷ്ടിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില ഉയര്‍ത്തുന്നത് കണ്ടോ എന്ന് ബിജെപി തന്ത്രത്തിന്റെ ഉദാഹരണമായി പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് രംഗത്തേക്ക് നോക്കുക. മൂന്നില്‍ ഒന്നുകാരും മൂന്നില്‍ രണ്ടുകാരും തമ്മിലാണ് പോരാട്ടം. മൂന്നില്‍ ഒന്ന് ആളുകളാണ് ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതോ പിന്തുണക്കുകയോ ചെയ്യുന്നത്. പക്ഷെ മൂന്നില്‍ രണ്ട് പക്ഷെ 10, 12, 15 രാഷ്ട്രീയ പാര്‍ട്ടികളിലായി വിഭജിച്ചു കിടക്കുകയാണെന്നതാണ് പ്രശ്‌നം. അതിന് പ്രധാന കാരണം കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

‘അതിന് കാരണം കോണ്‍ഗ്രസിന് കിട്ടിയിരുന്ന പിന്തുണയില്‍ വന്ന തകര്‍ച്ചയാണ്. ഒരുപാട് വ്യക്തികളുടെയും ചെറിയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ 65% വിഭജിച്ചു കിടക്കുകയാണ്’, പ്രശാന്ത് കിഷോര്‍ പറഞ്ഞു.