ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും നടത്തിയ കൂടിക്കാഴ്ചകള്‍ ബിജെപിക്കെതിരെ മൂന്നാം മുന്നണിക്ക് വേണ്ടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ തന്റെ പ്രതീക്ഷകളില്‍ മൂന്നാം മുന്നണിയെന്ന സ്വപ്നം ഇല്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോര്‍. ശരദ് പവാറിന്റെ വസതിയില്‍ ചൊവ്വാഴ്ച പ്രതിപക്ഷ നേതാക്കളുടെ യോഗം നടക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് താന്‍ കരുതില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു പരീക്ഷിച്ച പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വളരെ ഗൗരവമായ രാഷ്ട്രീയ ചര്‍ച്ചകള്‍ തന്നെയാണ് രണ്ട് കൂടിക്കാഴ്ചകളിലും നടന്നത്. ഓരോ സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ എന്തെല്ലാം സാധ്യമാണെന്ന തരത്തിലാണ് ചര്‍ച്ച നടന്നത്. സാധ്യമായ മൂന്നാം മുന്നണി മോഡല്‍ എന്നതിനെ കുറിച്ച് ചര്‍ച്ചയില്‍ വന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ കുറിച്ചും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ഒരു പ്രശ്നത്തെ നേരിടുകയാണെന്നും അതില്‍ എന്തെങ്കിലും ചെയ്യാന്‍ അവര്‍ തീരുമാനിക്കണം എന്നാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്.
ചൊവ്വാഴ്ച വൈകീട്ടാണ് ശരദ് പവാറും യശ്വന്ത് സിന്‍ഹയും വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗം. പന്ത്രണ്ടോളം പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് പവാറും സിന്‍ഹയും ചര്‍ച്ച നയിക്കുന്നുവെന്നും അതില്‍ പങ്കാളികളാകണമെന്നുമാണ് കക്ഷികളോട് ആവശ്യപ്പെട്ടത്.