‘ഈ അയ്യായിരത്തില്‍ ഞാനില്ലേ’; കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതില്‍ ആളുകള്‍ തടിച്ചു കൂടിയതിനെ ട്രോളി പ്രതിഭ എംഎല്‍എ

തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത ഇന്നാണ്. കെപിസിസി ആസ്ഥാനത്ത് തടിച്ചു കൂടിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നടന്ന പരിപാടിയിലായിരുന്നു കെ സുധാകരന്‍ ചുമതലയേറ്റെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന ചടങ്ങിനെ കായംകുളം എംഎല്‍എ പ്രതിഭ സോഷ്യല്‍ മീഡിയയിലൂടെ ട്രോളി.

‘ഈ അയ്യായിരത്തില്‍ ഞാനില്ലേ’ എന്ന തലക്കെട്ടില്‍ ചടങ്ങിന്റെ ഫോട്ടോകളും പങ്കുവെച്ചാണ് പ്രതിഭ പരിഹസിച്ചത്. നേരത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ആളുകള്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗതെത്തിയിരുന്നു. ‘ആ അഞ്ഞൂറില്‍ ഞങ്ങളില്ല’ എന്ന തലക്കെട്ടിലായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. അതിനെ ഓര്‍മ്മിപ്പിച്ചാണ് പ്രതിഭയുടെ ട്രോള്‍.

ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. ആളുകള്‍ കൂടുതലെന്നും സാമൂഹിക അകലം പാലിച്ചില്ലെന്നുമാണ് കേസ്. കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

താരിഖ് അന്‍വര്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ ടി സിദ്ധിഖ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.