നാഞ്ചിയമ്മ, നളിനി ജമീല; പുരസ്‌കാരപ്പട്ടികയില്‍ വേറിട്ട് തിളങ്ങി രണ്ട് സാന്നിധ്യങ്ങള്‍

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ വേറിട്ട തിളക്കമായി നാഞ്ചിയമ്മയും നളിനി ജമീലയും. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത’ എന്ന ഗാനമാണ് നാഞ്ചിയമ്മയെ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയാക്കിയത്. പാലക്കാട് അട്ടപ്പാടി സ്വദേശിനിയായ 61കാരി പാടിയ ഇരുള ഭാഷയിലുള്ള ഗാനം ഇന്‍സ്റ്റന്റ് ഹിറ്റായി മാറിയിരുന്നു. യുട്യൂബില്‍ റിലീസായി ഒരു മാസത്തിനിടെ ഒരു കോടി ആളുകളാണ് പാട്ട് കേട്ടത്. ജേക്‌സ് ബിജോയ് കംപോസ് ചെയ്ത പാട്ട് ആലപിച്ചതിനൊപ്പം ചിത്രത്തില്‍ ഒരു വേഷവും നാഞ്ചിയമ്മ ചെയ്തിരുന്നു.

അട്ടപ്പാടിയിലെ നാക്കുപതി ഊരില്‍ താമസിക്കുന്ന നാഞ്ചിയമ്മ ഇരുള ഗോത്രവിഭാഗക്കാരിയാണ്. അട്ടപ്പാടിയിലെ ആദിവാസി കലാകാരന്‍ പഴനി സ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാ സമിതിയിലെ നാടന്‍പാട്ടുകാരിയുമാണ്. കൃഷിയും കാലി മേയ്ക്കലുമാണ് നാഞ്ചിയമ്മയുടെ ഉപജീവനമാര്‍ഗം. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ നാടന്‍ പാട്ടുകളാണ് നാഞ്ചിയമ്മ പാടാറ്. സിന്ധു സാജന്‍ സംവിധാനം ചെയ്ത അഗ്ഗേഡു നായഗ എന്ന ഡോക്യുമെന്ററിയ്ക്ക് വേണ്ടിയായിരുന്നു ആദ്യ റെക്കോര്‍ഡിങ്ങ്. ‘കളക്കാത്ത’ വൈറലായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ പ്രചരണ ഗാനം നാഞ്ചിയമ്മയേക്കൊണ്ട് പാടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്കത്തിനായി ഇരുള ഭാഷ ആദ്യമായി ഉപയോഗിക്കുന്നത് നാഞ്ചിയമ്മയിലൂടെയാണ്.

പഴനിസ്വാമി, നാഞ്ചിയമ്മ, സച്ചി

അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ നാഞ്ചിയമ്മ ‘പുരസ്‌കാരം സച്ചി സാറിന് കൊടുക്കുകയാണ്’ എന്ന് പ്രതികരിച്ചു. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ‘ഗോത്ര സംസ്‌കൃതിയുടെ തനിമയും ജൈവികതയും അനുഭവിപ്പിക്കുന്ന ‘കളക്കാത്ത സന്ദനമേറം’ എന്ന ഗാനത്തിലൂടെ ഒരു നഷ്ടകാലത്തിന്റെ ഓര്‍മ്മകളെ തുയിലുണര്‍ത്തിയ മാധുര്യമാര്‍ന്ന ആലാപനമികവിനാണ് പുരസ്‌കാരം’ നല്‍കുന്നതെന്ന് ജൂറി പരാമര്‍ശിച്ചു.

വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് നളിനി ജമീലയ്ക്ക് ലഭിച്ചത്. ‘ഭാരതപ്പുഴ’ എന്ന ചിത്രത്തിന് വേണ്ടിയാണ് നളിനി ജമീല വസ്ത്രങ്ങളൊരുക്കിയത്. ‘സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും സിനിമയുടെ സര്‍ഗാത്മക മേഖലകളിലേക്ക് കടന്നുവരാനുള്ള പ്രയത്‌നത്തിനുള്ള അംഗീകാരമെന്ന നിലയില്‍ നളിനി ജമീലയുടെ സാന്നിധ്യത്തെ പ്രത്യേകം പരാമര്‍ശിക്കുന്നു’ എന്ന് ജൂറി പ്രതികരിച്ചു.

നളിനി ജമീല

‘ഞാന്‍ ലൈംഗികത്തൊഴിലാളി’ എന്ന ആത്മകഥയിലൂടെയാണ് നളിനി ജമീല ശ്രദ്ധേയയാകുന്നത്. ലൈംഗികത്തൊഴിലാളിയായ തന്റെ ജീവിതാനുഭവങ്ങളേക്കുറിച്ചുള്ള നളിനി ജമീലയുടെ തുറന്നെഴുത്ത് മലയാള സാംസ്‌കാരിക-അക്കാദമിക ലോകങ്ങളില്‍ ചര്‍ച്ചയായി. ലൈംഗികതയേക്കുറിച്ച് തുറന്ന സംവാദം നടത്തുന്ന ലൈംഗികത്തൊഴിലാളിയായിരുന്ന സ്ത്രീയുടെ സാന്നിധ്യം പുതിയ രാഷ്ട്രീയ ഇടം കൂടിയാണ് സൃഷ്ടിച്ചത്. ‘എന്റെ ആണുങ്ങള്‍’, ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം’ എന്നീ പുസ്തകങ്ങള്‍ കൂടി നളിനി ജമീല എഴുതി. ആത്മകഥ ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. നളിനി ജമീലയുടെ ജീവിതം പശ്ചാത്തലമാക്കി സഞ്ജീവ് ശിവന്‍ ഒരുക്കിയ ‘സെക്‌സ്, ലൈസ് ആന്‍ഡ് എ ബുക്ക്’ എന്ന ഡോക്യുമെന്ററിയും ശ്രദ്ധേയമായി. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യു.എന്‍.ഡി.പിയും പബ്ലിക് സര്‍വ്വീസ് ബ്രോഡ്കാസ്റ്റിങ്ങും ചേര്‍ന്നാണ് ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചത്. സാമൂഹിക പ്രവര്‍ത്തന രംഗത്തും സംവാദങ്ങളിലും സജീവമായ നളിനി ജമീല സെക്‌സ് വര്‍ക്കേഴ്‌സ് ഫോറം ഓഫ് കേരളയുടെ കോഡിനേറ്ററാണ്.

Also Read: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ ജയസൂര്യ, അന്ന ബെന്‍ നടി, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം

നടിയും സംവിധായകയുമായ സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ചലച്ചിത്ര അക്കാദമി സിനിമകളുടെ തെരഞ്ഞെടുപ്പിന് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പുരസ്‌കാര പ്രഖ്യാപനമാണിത്. 80 ചിത്രങ്ങള്‍ കണ്ട് രണ്ടാം റൗണ്ടിലേക്ക് നിര്‍ദ്ദേശിച്ച ചിത്രങ്ങളില്‍ നിന്നാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

കന്നഡ സംവിധായകന്‍ പി ശേഷാദ്രി, പ്രമുഖ സംവിധായകന്‍ ഭദ്രന്‍ എന്നിവരായിരുന്ന രണ്ട് പ്രാഥമിക വിധി നിര്‍ണയ സമിതികളുടെ അധ്യക്ഷന്‍മാര്‍. എഡിറ്റര്‍ സുരേഷ് പൈ, ഗാനരചയിതാവ് ഡോ. മധു വാസുദേവന്‍, നിരൂപകന്‍ ഇ. പി രാജഗോപാലന്‍ എന്നിവര്‍ ശേഷാദ്രി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങളായിരുന്നു. ഛായാഗ്രാഹകന്‍ ഷഹ്നാദ് ജലാല്‍, എഴുത്തുകാരിയും ചിന്തകയുമായ ഡോ. രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് ഭദ്രന്‍ നേതൃത്വം നല്‍കിയ ജൂറിയിലുണ്ടായിരുന്നത്.

ഛായാഗ്രാഹകന്‍ സി. കെ മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍ ശശിധരന്‍, സൗണ്ട് ഡിസൈനര്‍ എം ഹരികുമാര്‍ എന്നിവരടങ്ങുന്നതായിരുന്നു അന്തിമ ജൂറി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എല്ലാ ജൂറികളുടേയും മെമ്പര്‍ സെക്രട്ടറിയെന്ന ചുമതല വഹിച്ചു. നിരൂപകനായ ഡോ. പി. കെ രാജശേഖരന്റെ അധ്യക്ഷയിലുള്ള പ്രത്യേക സമിതി രചനാ വിഭാഗം എന്‍ട്രികള്‍ പരിഗണിച്ചു.