‘ആദ്യം ജില്ലാ കളക്ടര്‍ തിരക്കഥ വായിക്കട്ടെ’; ഷൂട്ടിങ്ങിന് മുന്‍പ് സ്‌ക്രിപ്റ്റിന് അനുമതി വാങ്ങണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ബോളിവുഡ് നടന്‍ ബോബി ഡിയോളിനെ നായകനാക്കി പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘ആശ്രം’ മൂന്നാം സീസണ്‍ ഷൂട്ടിനിടെ ബജ്‌റങ് ദള്‍ ആക്രമണമുണ്ടായതിന് പിന്നാലെ സിനിമാ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ ചിത്രീകരണങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരികയാണെന്ന് ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ചിത്രീകരിക്കാന്‍ പോകുന്ന തിരക്കഥ സമര്‍പ്പിച്ച് അനുമതി വാങ്ങണമെന്ന് മധ്യപ്രദേശ് ആഭ്യന്തര, പാര്‍ലമെന്ററി, നിയമകാര്യവകുപ്പ് മന്ത്രി നരോത്തം മിശ്രയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഇനിമുതല്‍ സിനിമാ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തിരക്കഥ ജില്ലാ കളക്ടറെ കാണിച്ച് അനുമതി വാങ്ങണം. അതിന് ശേഷം മാത്രമേ സിനിമാ ചിത്രീകരണത്തിന് വേണ്ടിയുള്ള അനുമതിക്ക് അപേക്ഷിക്കാനാകൂ.

മന്ത്രിയുടെ ഓഫീസ്

ഷൂട്ടിങ്ങ് സെറ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ആശ്രം നിര്‍മ്മാതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി നരോത്തം മിശ്ര രംഗത്തെത്തി. മതങ്ങളെ ചിത്രീകരിക്കുന്നതില്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ കാപട്യമാണ് കാണിക്കുന്നതെന്ന് ബിജെപി നേതാവ് ആരോപിച്ചു. സിനിമാഷൂട്ടിങ്ങിന് എല്ലാവര്‍ക്കും മധ്യപ്രദേശിലേക്ക് സ്വാഗതം. പക്ഷെ, ‘ആക്ഷേപാര്‍ഹമായ രംഗങ്ങള്‍’ ചിത്രീകരിക്കുന്നതിന് മുന്‍പ് മുന്‍കൂര്‍ അനുമതി വാങ്ങണം. ഭോപ്പാലില്‍ ഷൂട്ടിങ്ങ് നടക്കുന്ന ആശ്രമിനേക്കുറിച്ച് എനിക്ക് എതിര്‍പ്പുകളുണ്ട്. ഞങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ നിങ്ങള്‍ സിനിമ പിടിക്കുന്നതെന്തിനാണ്? നിങ്ങള്‍ക്ക് ശരിക്കും അത്ര ധൈര്യമുണ്ടെങ്കില്‍ മറ്റ് മതങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രീകരിക്കാത്തത് എന്താണെന്നും മന്ത്രി ചോദിച്ചു.

ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമായ പ്രകാശ് ഝാ ഒരുക്കുന്ന ആശ്രം എംഎക്‌സ് പ്ലെയറില്‍ സ്ട്രീം ചെയ്യും ക്രൈം ഡ്രാമയാണ്. രണ്ട് സീസണ്‍ ഇതുവരെ പുറത്തിറങ്ങി. ബോബി ഡിയോള്‍ അവതരിപ്പിക്കുന്ന ആള്‍ദൈവം ‘ബാബ നിരല’യാണ് സീരീസിലെ കേന്ദ്ര കഥാപാത്രം. സന്ന്യാസിയുടെ വിശ്വാസ ചൂഷണവും തട്ടിപ്പുകളും കുറ്റകൃത്യങ്ങളും അന്വേഷണ ഏജന്‍സികളെ നേരിടലുമാണ് സീരീസിന്റെ പ്രമേയം.

Also Read: ബോബി ഡിയോളിന് ബജ്‌റങ് ദള്‍ ഭീഷണി; സംവിധായകന്‍ പ്രകാശ് ഝായെ അടക്കം ആക്രമിച്ചിട്ടും ബോളിവുഡിന് മൗനം

ഞായറാഴ്ച്ചയാണ് സംഘ്പരിവാര്‍ സംഘടനയായ ബജ്‌റംഗ് ദള്‍ ‘ആശ്രം’ ലൊക്കേഷനില്‍ അക്രമം അഴിച്ചുവിട്ടത്. ഭോപ്പാലിലെ സെറ്റില്‍ ആശ്രം വെബ് സീരീസിന്റെ ചിത്രീകരണ സ്ഥലത്തേക്ക് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ച് അതിക്രമിച്ചു കയറി. സെറ്റിലെ ഉപകരണങ്ങള്‍ തകര്‍ക്കുകയും സംവിധായകന്‍ പ്രകാശ് ഝായെ കൈയ്യേറ്റം ചെയ്ത് മുഖത്ത് മഷിയൊഴിക്കുകയും ചലച്ചിത്ര പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലുകയും ചെയ്തു. സിനിമാ തൊഴിലാളികളിലൊരാളെ ലൈറ്റ് സ്റ്റാന്‍ഡ് ഉപയോഗിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തി.

ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത ബജ്റങ് ദള്‍ സീരീസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് നടന്‍ ബോബി ഡിയോളിനെതിരെ ഭീഷണി മുഴക്കി. സീരീസ് ഹിന്ദുമതത്തെ മോശമായി ചിത്രീകരിക്കുകയാണെന്ന് ബജ്‌റംഗ് ദള്‍ നേതാവ് സുശീല്‍ സുരേലെ ആരോപിച്ചു. ‘ഗുരു സ്ത്രീകളോട് അതിക്രമം നടത്തുന്നത് പ്രകാശ് ഝാ ആശ്രമില്‍ കാണിച്ചു. ഒരു ക്രിസ്ത്യന്‍ പള്ളിയേക്കുറിച്ചോ മദ്രസയേക്കുറിച്ചോ ഇങ്ങനെയൊരു ചിത്രം ചെയ്യാന്‍ അയാള്‍ക്ക് ധൈര്യമുണ്ടോ? ആരാണെന്നാണ് അയാളുടെ വിചാരം? ബജ്‌റംഗ് ദള്‍ അയാളെ വെല്ലുവിളിക്കുകയാണ്. ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. ഇപ്പോള്‍ പ്രകാശ് ഝായുടെ മുഖത്ത് കരിതേച്ചിട്ടേയുള്ളൂ. ഞങ്ങള്‍ക്ക് ബോബി ഡിയോളിനെയാണ് വേണ്ടത്. അയാള്‍ സണ്ണി ഡിയോളിനെ കണ്ട് പഠിക്കണം. അദ്ദേഹം ദേശസ്നേഹമുള്ള ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.’ ബജ്‌റംഗ് ദള്‍ നേതാവ് വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.