‘സാരമില്ല, അതൊരു നിര്‍ദ്ദോഷമായ തമാശയായി എടുക്കുന്നു, പക്ഷേ…’; ക്ലബ്ഹൗസില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയ യുവാവിനെ ആശ്വസിപ്പിച്ച് പൃഥ്വിരാജ്

ക്ലബ്ഹൗസില്‍ തന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയ യുവാവിന് മറുപടിയുമായി നടന്‍ പൃഥ്വിരാജ്. ക്ലബ്ഹൗസില്‍ അക്കൗണ്ട് തുടങ്ങാനുണ്ടായ കാരണം വിശദീകരിച്ചും ക്ഷമ ചോദിച്ചും സൂരജ് എന്ന വ്യക്തി അയച്ച സന്ദേശത്തിനാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ മറുപടി നല്‍കിയിരിക്കുന്നത്. നിര്‍ദ്ദോഷകരമായ തമാശയായിരുന്നു അതെന്ന് താന്‍ മനസിലാക്കുന്നെന്നും എന്നാല്‍ താനാണെന്ന് കരുതി നിരവധി ആളുകള്‍ എത്തിയതോടെയാണ് അവസനിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. പൃഥ്വിരാജിന്റെ പേരും ചിത്രവും ഉപയോഗിച്ചായിരുന്നു അക്കൗണ്ട് തുടങ്ങിയത്. ക്ലബ്ഹൗസില്‍ പൃഥ്വിരാജിന്റെ ശബ്ദം അനുകരിച്ച് ചര്‍ച്ചകൂടി നടത്തിയതോടെ ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ താന്‍ ക്ലബ്ഹൗസിലില്ലെന്ന് വ്യക്തമാക്കി നടന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ക്ഷമ ചോദിച്ച് അക്കൗണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച സൂരജ് പൃഥ്വിരാജിന് മെസേജ് അയച്ചത്. ഈ മെസേജും പങ്കുവെച്ചാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പ്രിയപ്പെട്ട സൂരജ്.

അത് കഴുപ്പമില്ല. നിര്‍ദ്ദോഷകരമായ തമാശയായിരുന്നു അതെന്ന് ഞാന്‍ മനസിലാക്കുന്നു. ഇത്തരം ചെയ്തികള്‍ക്ക് വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകുമല്ലോ. ഒരുഘട്ടത്തില്‍ ഞാന്‍ കരുതുന്നത് 2500ല്‍ അധികം ആളുകള്‍ (ക്ലബ്ഹൗസില്‍) താങ്കളെ കേള്‍ക്കുകയായിരുന്നു. വലിയൊരുകൂട്ടം ആളുകള്‍ ഞാനാണ് സംസാരിക്കുന്നതെന്നാണ് കരുതിയത്. സിനിമക്കുള്ളിലും പുറത്തുമുള്ള നിരവധിയാളുകളെ എന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അത് എത്രയും പെട്ടന്ന് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. അത് ഒരു തെറ്റായിരുന്നെന്ന് നിങ്ങള്‍ മനസിലാക്കിയതില്‍ ഞാന്‍ സന്തോഷവാനാണ്. അതിമനോഹരമായ ഒരു കലാരൂപമാണ് മിമിക്രി. മലയാള സിനിമയിലെ ഇന്നത്തെ താരങ്ങളില്‍ പലരും സിനിമയിലേക്കുള്ള അവരുടെ യാത്ര തുടങ്ങിയത് മിമിക്രിയില്‍നിന്നാണെന്ന് താങ്കള്‍ക്കും അറിയാമല്ലോ. സ്വപ്‌നങ്ങള്‍ കാണുക, കഠിനാധ്വാനം ചെയ്യുക, പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുക. താങ്കള്‍ക്ക് നല്ലൊരു ഭാവിയുണ്ടാവട്ടെ.

എല്ലാവരോടും ഒരു കാര്യം…. ഓണ്‍ലൈന്‍ ദുരുപയോഗം എനിക്ക് കണ്ടില്ലെന്ന് നടിക്കാനാവനില്ല. ദയവായി അത് അവസാനിപ്പിക്കുക. ഒരിക്കല്‍തക്കൂടി… ഞാന്‍ ക്ലബ് ഹൗസിലില്ല.

അക്കൗണ്ട് തുടങ്ങിയ സൂരജ് നായരുടെ വിശദീകരണം ഇങ്ങനെ;

പ്രിയപ്പെട്ട രാജുവേട്ടാ…. ഞാന്‍ അങ്ങയുടെ കടുത്ത ആരാധകനാണ്. ക്ലബ്ഹൗസ് എന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ അങ്ങയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി എന്നുള്ളത് സത്യം തന്നെയാണ്. പക്ഷേ, അതില്‍ പേരും യൂസര്‍ ഐഡിയും മാറ്റാന്‍ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാര്‍ട്ട് ആയപ്പോഴാണ്. അങ്ങുചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ച് അത് മറ്റുള്ളവരെ പറഞ്ഞ് കേള്‍പ്പിച്ച് ക്ലബ്ഹൗസ് റൂമിലെ പലരെയും എന്റര്‍ടൈന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന് പുറമെ അങ്ങയുടെ പേരുപയോഗിച്ച യാതൊരു തരത്തിലുമുള്ള കാര്യങ്ങളിലും ഞാന്‍ പങ്കുചേര്‍ന്നിട്ടില്ല. ജൂണ്‍് ഏഴിന് വൈകീട്ട് നാലുമണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു ആ റൂം കൊണ്ടുദ്ദേശിച്ചത്. അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ കൂടുതല്‍ പ്രശ്‌നമാകുമെന്നോ ഞാന്‍ വിചാരിച്ചിട്ടില്ല. ആരെയും പറ്റിക്കാനോ രാജുവേട്ടന്റെ പേരില്‍ എന്തെങ്കിലും നേടിയെടുക്കാനോ അല്ല ഈ ചെയ്തതൊന്നും. അതിന്റെ ഗൗരവം മനസിലാക്കുന്നു. അതുകൊണ്ടുതന്നെ ആ ക്ലബ്ഹൗസ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ആ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത എന്നാല്‍ വേദനിപ്പിക്കപ്പെട്ട രാജുവേട്ടനെ സ്‌നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

പേര് മാറ്റാന്‍ സാധിക്കില്ല എന്നറിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ ക്ലബ് ഹൗസ് ബയോയില്‍ എന്റെ ഐഡന്റിറ്രി കൊടുത്തിരുന്നു. അതിന്റെ കൂടെ എന്റെ ഇന്‍സ്റ്റഗ്രാം ലിങ്കുമുണ്ട്.ഞാന്‍ ഇതിന് മുന്നേ കയറിയ എല്ലാ റൂമുകളിലും രാജുവേട്ടന്‍ എന്ന നടന്‍ അഭിനയിച്ചുവെച്ചേക്കുന്ന കുറച്ച് ഡയലോഗുകള്‍ ഇമിറ്റേറ്റ് ചെയ്യാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. കുറച്ചു നേരം മുമ്പ് വരെ ഞാനും ഫാന്‍സ് ഫാന്‍സ് ഗ്രൂപ്പിലെ ആക്ടീവ് അംഗമൊക്കെയായിരുന്നു. എന്നാല്‍ ഇന്ന് ഫാന്‍സ് എല്ലാവരും എന്നെ തെറി വിളിക്കുന്നു, പക്ഷേ അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല, രാജുവേട്ടന്റെ ഐഡന്റിറ്റി ഉപയോഗിച്ചത് തെറ്റുതന്നെയാണ്. ആ റൂമില്‍ അങ്ങയെ അനുകരിട്ട് സംസാരിച്ചതും തെറ്റുതന്നെ. നല്ല ബോധ്യമുണ്ട്.

ഒരിക്കല്‍ക്കൂടെ ആ റൂമില്‍ ഉണ്ടായിരുന്നവരോടും രാജുവേട്ടനോടും ഞാന്‍ ക്ഷമ ചോദിക്കുന്നു

എന്ന് ഒരു പൃഥ്വിരാജ് ആരാധകന്‍