പൃഥ്വിരാജ്, മഞ്ജുവാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’യുടെ മോഷന്‍ പോസ്റ്റര്‍ ടീസറെത്തി. ക്രൈം ത്രില്ലര്‍ വൈബുമായെത്തിയ ടീസര്‍ തിരുവനന്തപുരത്തെ അധോലോകമാണ് പശ്ചാത്തലമാക്കുന്നത്. പൃഥ്വിരാജിനൊപ്പം മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ കൂടി ചേര്‍ന്നാണ് ഫേസ്ബുക് പേജുകളിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. പ്രമുഖ എഴുത്തുകാരന് ജി ആര് ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവെല്ല ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. ഇന്ദുഗോപന്റേത് തന്നെയാണ് തിരക്കഥയും സംഭാഷണവും. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിയാകുന്ന ആദ്യ സംരംഭമെന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്.
മോഷന്‍ പോസ്റ്ററിലെ നടന് നന്ദുവിന്റെ വോയിസ് ഓവറിലെ വാക്കുകള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ‘നാല് വര്‍ഷം മുന്‍പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ? അപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി സാര്‍ ഈ കാപ്പ ലിസ്റ്റ് പുതുക്കാനായിട്ട് ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു’ എന്ന വാചകങ്ങളിലൂടെ പരാമര്‍ശിക്കുന്നത് നടി ആക്രമിക്കപ്പെട്ട കേസാണോയെന്ന ചോദ്യമുയരുന്നുണ്ട്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. നടന് ദിലീപ് പ്രതിയായ കേസിലെ വിചാരണ നാലര വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല.
വോയിസ് ഓവര്‍ ഇങ്ങനെ:
“കേരളത്തില്‍ കാപ്പ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്ട് എന്നും പറയും. അതിങ്ങനെ ചളകുളമായി കിടക്കുകയായിരുന്നു. നാല് കൊല്ലം മുമ്പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ? അപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി സാര്‍ ഈ കാപ്പ ലിസ്റ്റ് പുതുക്കാനായിട്ട് ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു. അവര്‍ കേരളമൊട്ടുക്ക് തപ്പി 2011 ഗുണ്ടകളുടെ ലിസ്റ്റുണ്ടാക്കി. അതില്‍ 237 പേര് നമ്മുടെ ഈ തിരുവനന്തപുരത്തുള്ളവരായിരുന്നു. അക്കാലത്താണ് ഇവിടെ ഇതൊക്കെ നടക്കുന്നേ.”
ഗാങ്സ്റ്റര്‍ ഡ്രാമയായെത്തുന്ന കാപ്പയിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ രൂപം എകെ സാജന്റെ ‘സ്റ്റോപ് വയലന്‍സ്’ എന്ന ചിത്രത്തിലെ സാത്താനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പൃഥ്വിയും മഞ്ജുവാര്യരും ആദ്യമായി മുഴുനീള കഥാപാത്രമായി വരുന്ന ചിത്രം കൂടിയാണ് കാപ്പ. സാനു ജോണ്‍ വര്‍ഗീസാണ് വേണുവിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിങ്ങ് മഹേഷ് നാരായണന്. ജസ്റ്റിന് വര്‍ഗീസാണ് സംഗീത സംവിധാനം. ദിലീപ് നാഥ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.