ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത സിനിമകളില്‍ തെറിവാക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുതിര്‍ന്ന സംവിധായകരായ സത്യന് അന്തിക്കാടും പ്രിയദര്‍ശനും. ‘ഒടിടിയില്‍ തെറി മുഴങ്ങുമ്പോള്‍.. ഇവര്‍ക്ക് പറയാനുള്ളത്’ എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രതികരണങ്ങള്‍ ചലച്ചിത്രാസ്വാദകരുടെ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
സഭ്യത നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് പ്രിയദര്‍ശന്റെ അഭിപ്രായം. എല്ലാ അസഭ്യതയ്ക്കും ഒരു സഭ്യതയുണ്ടായിരിക്കണമെന്ന് പ്രിയദര്ശന് പറഞ്ഞു. നല്ല സിനിമകളില്‍ എന്തിനാണ് ഇങ്ങനെയുള്ള വാക്കുകള്‍ മനപൂര്‍വം കൂട്ടിച്ചേര്‍ക്കുന്നത്? സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കും. അല്ലാതെ തെറി ചേര്‍ത്തതുകൊണ്ട് പ്രത്യേകിച്ച് ഗുണമുള്ളതായി തോന്നുന്നില്ലെന്നും പ്രിയദര്ശന് പറഞ്ഞു.
കുടുംബത്തോടൊപ്പം സിനിമ കാണുമ്പോള്‍ അലോസരമുണ്ടാക്കുന്ന തരത്തിലുള്ള വാക്കുകള്‍ക്കോ ദൃശ്യങ്ങള്‍ക്കോ തന്റെ സിനിമയില്‍ ഇടം കൊടുക്കില്ലെന്നാണ് സത്യന് അന്തിക്കാടിന്റെ പ്രതികരണം. പരിമിതിയാണെങ്കില്‍ പോലും ആ പരിമിതിയെ ഇഷ്ടപ്പെടുന്നു. പുതുതലമുറ സംവിധായകരെ അവരുടെ തെരഞ്ഞെടുപ്പിന്റേയും നിലപാടിന്റേയും പേരില്‍ വിമര്‍ശിക്കാന്‍ ഉദ്ദേശമില്ലെന്നും സത്യന് അന്തിക്കാട് വ്യക്തമാക്കി.
യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കാനായി ശ്രമിക്കുമ്പോള്‍ കണ്ടുപരിചയിച്ച ജീവിതത്തെ ഉള്‍പ്പെടുത്താതിരിക്കാന്‍ കഴിയില്ലെന്ന് ശ്യാം പുഷ്കരന് പറഞ്ഞു. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ സ്ക്രീനില്‍ കാണുമ്പോള്‍ ഇത്ര ഞെട്ടലുണ്ടാകുന്നത് എന്താണെന്ന് മനസിലാകുന്നില്ല. സ്വീകരണമുറിയിലേക്ക് യാഥാര്‍ത്ഥ്യം പെട്ടെന്ന് കടന്നുവന്നതിന്റെ അങ്കലാപ്പാകാം ഇത്. അത്തരം അലോസരപ്പെടലുകള്‍ കാലത്തിനൊപ്പം മാറുമെന്നും തിരക്കഥാകൃത്ത് പറഞ്ഞു.
കുടുംബത്തോടൊപ്പം സിനിമ കാണുന്നവര്‍ക്ക് ഒടിടി പ്ലാറ്റ്ഫോമുകള് ഉള്ളടക്കത്തേക്കുറിച്ച് നല്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കാമല്ലോയെന്നാണ് ചെമ്പന്‍ വിനോദ് ജോസിന്റെ പ്രതികരണം. ലോകത്തെ എല്ലാ മനുഷ്യരും നന്മയുടെ നിറകുടങ്ങള്‍ അല്ല. അതുപോലെ കഥാപാത്രങ്ങളും അങ്ങനെയല്ല. തെറി വാക്കുകള്‍ മനുഷ്യര്‍ ദേഷ്യവും നിരാശയവും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. സിനിമയുടെ കഥാപരിസരമനുസരിച്ച് തെറി കടന്നുവരുന്നത് സ്വാഭാവികമാണെന്നും ചെമ്പന്‍ വിനോദ് ചൂണ്ടിക്കാട്ടി.