ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40% സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ മടക്കികൊണ്ടുവരാന്‍ ശ്രമിക്കുന്ന നേതാവുമായ പ്രിയങ്ക ഗാന്ധിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
‘ഈ തീരുമാനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നടപ്പുരീതികളെ മാറ്റും. എന്നെ പ്രചോദിപ്പിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണിത്’, പ്രിയങ്ക ഗാന്ധി പറഞ്ഞു. 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കണമെന്നാണ് തന്റെ ആവശ്യമെന്നും പ്രിയങ്ക പറഞ്ഞു.
അധികാരത്തില്‍ തുല്യപ്രാധാന്യമുള്ള പങ്കാളികളാവുന്ന സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാവണം. സംസ്ഥാനത്തെ വിദ്വേഷ രാഷ്ട്രീയത്തെ വനിതാ രാഷ്ട്രീയ നേതാക്കള്‍ അവസാനിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജാതിയെയോ മതത്തെയോ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല, കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് പാര്‍ട്ടി നിയമസഭ സീറ്റുകള്‍ നല്‍കുകയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
2017 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് കോണ്‍ഗ്രസ്. ജാതി പ്രധാന പങ്ക് വഹിക്കുന്ന സംസ്ഥാന രാഷ്ട്രീയത്തില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനം വനിതാ വോട്ടര്‍മാരുടെ പിന്തുണ കൂടി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്.