ന്യൂദല്‍ഹി: കഴിഞ്ഞ ലോക്ക്ഡൗണില്‍ കുടുങ്ങി പോയ തൊഴിലാളിയായ പിതാവിനെ വീട്ടിലെത്തിക്കാന്‍ 1200 കിലോമീറ്ററാണ് ജ്യോതികുമാരി സൈക്കിള്‍ ചവിട്ടിയത്. ഗുഡ്ഗാവില്‍ നിന്ന് ബീഹാറിലേക്ക് ഏഴ് ദിവസം നീണ്ടു നിന്ന യാത്ര. സംഭവം നടന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ ജ്യോതിയോടൊപ്പം തന്റെ പിതാവില്ല. ഹൃദയസ്തംഭനം മൂലം തിങ്കളാഴ്ച ഇലക്ട്രിക് റിക്ഷാ ഡ്രൈവറായിരുന്ന മോഹന്‍ പാസ്വാന് അന്തരിച്ചു.
വെള്ളിയാഴ്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ജ്യോതിയെ വിളിച്ച് പിതാവിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി. ജ്യോതിയുടെ തുടര്‍ന്നുള്ള പഠനത്തിന്റെ ഉത്തരവാദിത്വവും മറ്റു ചിലവുകളും പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു.
‘പ്രിയങ്ക ദീദി എന്നോട് വിഷമിക്കേണ്ടെന്നും തുടര്‍ന്നും പഠിക്കാന്‍ കഴിയുമെന്നും പറഞ്ഞു. പഠനത്തിന്റെയും മറ്റു ചെലവുകളും താന്‍ നിര്‍വഹിക്കുമെന്ന് പറഞ്ഞു. എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്നും കൂട്ടിച്ചേര്‍ത്തു. തനിക്ക് പ്രിയങ്ക ദീദിയെ കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’, ജ്യോതി പറഞ്ഞു.

2020 മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാടക കൊടുക്കാന്‍ ജ്യോതിയുടെ പിതാവിന് കഴിയാത്ത അവസ്ഥയുണ്ടായി. നാട്ടിലേക്ക് മടങ്ങാന്‍ ഗതാഗത സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതോടെയാണ് പിതാവിനെ സൈക്കിളില്‍ വീട്ടിലെത്തിക്കാന്‍ ജ്യോതി തീരുമാനിച്ചത്. കടം വാങ്ങിയ പണം ഉപയോഗിച്ച് സൈക്കിള്‍ വാങ്ങുകയും പിതാവിനെ കൊണ്ട് വരാന്‍ പോവുകയുമായിരുന്നു.