വ്യോമയാന ഇന്ധനത്തിന് ലിറ്ററിന് 79 രൂപ, പെട്രോളിന് 105.84 രൂപയും; മോഡി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യോമയാന ഇന്ധനത്തിന് 79 രൂപയും പെട്രോളിന് 105.84 രൂപയുമായി വില. രാജ്യത്ത് ഇന്ധന വില കുതിച്ചുകയറുന്നതിനിടെ മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വ്യോമയാന ഇന്ധനത്തേക്കാള്‍ വിലയാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘ഹവായ് ചെരിപ്പിട്ടവനുപോലും വിമാനങ്ങളില്‍ യാത്ര ചെയ്യാമെന്ന് ബിജെപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. പക്ഷെ ബിജെപി ഇന്ധന വില കൂട്ടിയതോടെ മധ്യവര്‍ഗ മനുഷ്യര്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്’, പ്രിയങ്ക ട്വീറ്റ് ചെയ്തു.

മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ധന വിലവര്‍ധനവിനെതിരെ പ്രതികരിച്ചു. നികുതി വര്‍ധിപ്പിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 66ഉം ഡീസലിന് 55 രൂപയും ആയിരുന്നേനെ എന്ന വാര്‍ത്താ ക്ലിപ്പ് ചേര്‍ത്താണ് രാഹുലിന്റെ പ്രതികരണം. ‘എല്ലാത്തിന്റെയും നാശം, വില വര്‍ധനവിന്റെ വികസനം’ എന്ന് രാഹുല്‍ കുറിച്ചു.

രാജ്യത്തെ ഭൂരിപക്ഷം സ്ഥലങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു. ഡീസല്‍ വില പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ നൂറെന്ന മാര്‍ക്ക് കടന്നിട്ടുണ്ട്.