‘ഇത്തവണ റായ്ബറേലിയിലോ അമേത്തിയിലോ മത്സരിക്കുന്നത്?’; മറുപടിയുമായി പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലോ അമേത്തിയിലോ മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒരിക്കല്‍ താന്‍ റായ്ബറേലിയിലോ അമേത്തിയിലോ മത്സരിക്കും. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് പ്രിയങ്ക ഗാന്ധിയുടെ മറുപടി.

‘ഒരു ദിവസം അവിടെ നിന്ന് മത്സരിക്കും, പക്ഷെ ഇപ്പോള്‍ അതിനെ കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല. നമുക്ക് കാണാം’ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധിയിപ്പോള്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 40% സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ത്രീകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

‘ഈ തീരുമാനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നടപ്പുരീതികളെ മാറ്റും. എന്നെ ഉത്തേജിപ്പിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണിത്’, പ്രിയങ്ക ഗാന്ധി പറഞ്ഞു. 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

അധികാരത്തില്‍ തുല്യപ്രാധാന്യമുള്ള പങ്കാളികളാവുന്ന സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാവണം. സംസ്ഥാനത്തെ വിദ്വേഷ രാഷ്ട്രീയത്തെ വനിതാ രാഷ്ട്രീയ നേതാക്കള്‍ അവസാനിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജാതിയെയോ മതത്തെയോ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല, കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് പാര്‍ട്ടി നിയമസഭ സീറ്റുകള്‍ നല്‍കുകയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

2017 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് കോണ്‍ഗ്രസ്. ജാതി പ്രധാന പങ്ക് വഹിക്കുന്ന സംസ്ഥാന രാഷ്ട്രീയത്തില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനം വനിതാ വോട്ടര്‍മാരുടെ പിന്തുണ കൂടി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്.